
റിയാദ്: മീഡിയവണ്‍ വിലക്ക് കേന്ദ്രസര്‍ക്കാറിന്റെ അന്യായമായ നടപടിയാണെന്ന് റിയാദില്‍ ചേര്‍ന്ന പൗരസമിതി ഓണ്‍ലൈന്‍ പ്രതിഷേധ സംഗമം. ചാനലിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍പ്പിക്കുന്നതായും സംഗമം വ്യക്തമാക്കി. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.
ഗ്രന്ഥകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ വിലക്ക് കേവലം ഒരു മാധ്യമസ്ഥാപനത്തിന്റേത് മാത്രമല്ല, ജനങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഓരോന്ന് കവര്‍ന്നെടുക്കുന്നതിന്റെ ഭാഗമാണ്. മീഡിയകള്‍ മുതല്‍ അക്കാദമിക കേന്ദ്രങ്ങള്‍ വരെ ഫാഷിസം നടപ്പിലാക്കി വരുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ പൊതുജസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നോട്ട് വരണമെന്ന് മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു.

മലയാള മിത്രം ചീഫ് എഡിറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജനധ്യപത്യത്തിന്റെ സൗന്ദര്യം വിമര്‍ശനവും ചോദ്യവുമാണ്. എതിരാളികളെയും എതിര്‍ശബ്ധങ്ങളെയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് ഫാസിസമാണ്. പൗരസമൂഹത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ ഹനിക്കുന്ന നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഒരു മാധ്യമ സ്ഥാപനത്തെ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുന്നതെന്ന് മീഡിയവണ്‍ സൗദി ചീഫ് അഫ്താബുര്‍റഹ്മാന്‍ പറഞ്ഞു. കാരണം വ്യക്തമായി പറയാന്‍ സര്‍ക്കാര്‍ സാമാന്യ മര്യാദ കാണിച്ചില്ല.
അപകടകരമായ വാര്‍ത്തകളും നിരീക്ഷണങ്ങളും പങ്ക് വെക്കുന്ന മാധ്യമങ്ങള്‍ ഉണ്ടായിരിക്കെ പ്രതിബദ്ധതയുള്ള ഒരു സംരംഭത്തെ വിലക്കിയത് ഞെട്ടലുളവാക്കിയെന്ന് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. പൗരാവകാശങ്ങളുടെ കശാപ്പാണ് വിലക്കിലൂടെ ദൃശ്യമാകുന്നത്. കോടതി മാത്രമാണ് പ്രതീക്ഷയെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി അഡ്വ.അബ്ദുല്‍ ജലീല്‍ പറഞ്ഞു.

സബീന എം സാലി, സത്താര്‍ താമരത്ത്, ഹരികൃഷ്ണന്‍, ഉമര്‍ ശരീഫ്, ഡോ.മുഹമ്മദ് നജീബ്, നസ്‌റുദ്ദീന്‍ വി ജെ, ഷഫീഖ് കൂടായി, ഖലീല്‍ പാലോട് എന്നിവര്‍ പ്രതിഷേധ സംഗമത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. വ്യാപാര പ്രമുഖരായ അഹമ്മദ് കോയ, നാസര്‍ നെസ്‌റ്റോ എന്നിവരും മീഡിയാ വണ്ണിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അഷ്‌റഫ് കൊടിഞ്ഞി അവതാരകനായിരുന്നു. റഹ്മത്ത് തിരുത്തിയാട് സ്വാഗതവും സലീം മാഹി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






