റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വധശിക്ഷ റദ്ദാക്കി മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതി ഡിസംബര്‍ 30ന് വീണ്ടും പരിഗണിക്കും. സൗദി സമയം രാവിലെ 11.30 ന് കേസ് പരിഗണിക്കുമെന്ന് നേരത്തെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു.
മോചന ഹര്‍ജിയില്‍ വിധി പറയുന്നത് നേരത്തെ നാല് തവണ മാറ്റിവെച്ചിരുന്നു. ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം അഞ്ചാം തവണയാണ് അബ്ദുല്‍ റഹീമിന്റെ കേസ് പരിഗണിക്കുന്നത്. ഒക്‌ടോബര്‍ 21, നവംബര്‍. 17, ഡിസംബര്‍ 8, 12 തീയതികളിലായി പബ്‌ളിക് റൈറ്റ് പ്രകാരമുളള വാദങ്ങള്‍ കോടതി പരിഗണിച്ചിരുന്നു. അതുകൊണ്ടുതന്നെ കോടതി നിലപാട് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് റഹീമിന്റെ കുടുംബവും റിയാദ് നിയമ സഹായ സമിതിയും.
15 മില്യന്‍ റിയാല്‍ ദിയാധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ മരിച്ച സൗദി ബാലന്‍ അനസ് അല്‍ ശഹിരിയുടെ കുടുംബ അഭിഭാഷകന്‍ കോടതിയില്‍ സന്നദ്ധത അറിയിച്ചതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. ഇതോടെയാണ് പതിനെട്ട് വര്‍ഷമായി റിയാദ് അല്‍ ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന് മോചനത്തിന് സാധ്യത തെളിഞ്ഞത്.
പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള നിയമ നടപടി പൂര്‍ത്തിയാക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനും റഹീമിന്റെ അഭിഭാഷകനും വിശദമായ വാദങ്ങള്‍ കോടതിയില്‍ അവതരിപ്പിച്ചിരുന്നു. ഇരുവിഭാഗവും സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. 18 വര്‍ഷത്തെ തടവ് റഹീം അനുഭവിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ പബ്ലിക് റൈറ്റ്‌സ് പ്രകാരം കൂടുതല്‍ ശിക്ഷ നല്‍കാതെ മോചന ഉത്തരവ് ഉണ്ടാകണമെന്നാണ് റഹീമിനു വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ അപേക്ഷിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.