
റിയാദ്: കര്‍ണാടക സര്‍ക്കാര്‍ സൗദി അറേബ്യയില്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ പ്രചരണാര്‍ത്ഥം പ്രതിനിധി സംഘം റിയാദില്‍ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ പ്രവാസികള്‍ക്ക് അവസരം ഒരുക്കുന്നതിനാണ് കര്‍ണാടക സര്‍ക്കാര്‍ എന്‍ആര്‍ഐ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്. ജനുവരി 8, 9 തീയതികളില്‍ ദമ്മാമില്‍ നടക്കുന്ന സംഗമത്തില്‍ സംസ്ഥാന മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

സര്‍ക്കാര്‍ പദ്ധതികളെ മാത്രം ആശ്രയിച്ച് പ്രവാസി പുനരധിവാസം സാധ്യമല്ലെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ ധനകാര്യ വകുപ്പ് സെക്രട്ടറി ഡോ. പിസി ജാഫര്‍ ഐഎഎസ് പറഞ്ഞു. പ്രവാസി സംരംഭകര്‍ക്ക് കൂടുതല്‍ അവസരവും പ്രോത്സാഹനവും നല്‍കി പുനരധിവാസം സാധ്യമാക്കുക എന്നതും നിക്ഷേപ സംഗമത്തിന്റെ ലക്ഷ്യമാണ്.

ഐടി കയറ്റുമതിയില്‍ രാജ്യത്തെ നയിക്കുന്നത് കര്‍ണാടകയാണ്. എല്ലാ മേഖലയിലും വിദഗ്ധ തൊഴിലാളികളും സുലഭമാണ്. നിക്ഷേപ സൗഹൃദ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ചൈനീസ് ഉത്പ്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയുന്ന ചെറുകിട ഇടത്തരം ഉത്പ്പാദകരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി ഒന്‍പത് ജില്ലകളില്‍ സ്‌കില്‍ ബേസ്ഡ് ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകളുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ നിക്ഷേപ സാധ്യതകള്‍ പ്രത്യേകം കണ്ടെത്തി പ്രവാസികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. നിക്ഷേപകര്‍ക്ക് ടാക്‌സ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയില്‍ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എംഎസ്എംഇ വകുപ്പ് സെക്രട്ടറി വിപുല്‍ ബന്‍സാല്‍, എംഎസ്എംഇ ഡയറക്ടര്‍ നിതേഷ് പാട്ടീല്‍,

കെഎസ്എസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജേന്ദ്ര, കര്‍ണാടക കൈത്തറി വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വര്‍ണിത് നേഗി എന്നിവര്‍ വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിച്ചു. മലയാളികള്‍ക്ക് പുറമെ കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികള്‍ സന്നിഹിതരായിരുന്നു.






