
റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സദ്വേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് വധ ശിക്ഷ റദ്ദാക്കിയ ബഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അറിയിച്ചതായി റഹീം സഹായ സമിതി. റിയാദ് ക്രിമിനല്‍ കോടതി ഒക്‌ടോബര്‍ 21ന് കേസ് പരിഗണിച്ചെങ്കിലും പുതിയ ബഞ്ചാണ് പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പ്രതിനിധി സിദ്ധിക്ക് തുവ്വൂര്‍ എന്നിവര്‍ ഇന്നു കോടതിയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. വധശിക്ഷ റദ്ദാക്കിയ ബഞ്ച് പ്രോസിക്യൂഷന്‍ വാദങ്ങള്‍ പരിഗണിക്കും. കേസ് എന്ന് പരിഗണിക്കും എന്നത് സംബന്ധിച്ച് പുതിയ ബഞ്ച് ഔദ്യോഗികമായി ഉടന്‍ അറിയിക്കും.
മരിച്ച ബാലന്റെ കുടുംബം ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കിയതോടെ ജൂലൈ 2നാണ് വധശിക്ഷ റദ്ദാക്കിയത്. 18 വര്‍ഷമായി തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് കഴിഞ്ഞ ആഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ബഞ്ച് മാറ്റിയത് സഹായ സമിതിയ്ക്കും റഹീമിന്റെ കുടുംബത്തിനും നിരാശ ഉളവാക്കിയിരുന്നു.

പബ്‌ളിക് പ്രോസിക്യൂഷന്റെ വാദങ്ങളാണ് മോചനത്തിന് പരിഗണിക്കുക. ഇതുസംബന്ധിച്ച് സത്യവാങ്ങ് മൂലം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വധശിക്ഷ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ച ബഞ്ച് കേസ് വിശദാംശങ്ങള്‍ നേരത്തെ സമഗ്രമായി പരിശോധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതേ ബഞ്ചിന് പ ബ്‌ളിക് പ്രോസിക്യൂഷന്റെ വാദങ്ങള്‍ കേട്ട് എത്രയും വേഗം മോചന ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയും എന്നാണ് സഹായ സമിതിയുടെ പ്രതീക്ഷ.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.