
ദുബായ്: ലുലുവിന്റെ ഓഹരി വില്‍പ്പനയ്ക്കായുള്ള പ്രാരംഭ നടപടികള്‍ യുഎഇ കേന്ദ്രമാക്കി ആരംഭിച്ചു. നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപ സംഗമവും തുടങ്ങി. പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്ന് ലുലു റീട്ടെയ്ല്‍ ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. 258 കോടി ഓഹരികളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. റീട്ടെയില്‍ രംഗത്ത് യുഎഇയിലെ സമീപകാലത്തെ ഏറ്റവും വലിയ ഓഹരി വില്‍പനയാണിത്. യുഎഇ റെസിഡന്റ് പെര്‍മിറ്റുളള ഇന്‍വെസ്റ്റര്‍ നമ്പരുള്ളവര്‍ക്ക് നേരിട്ടും മറ്റു ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് ബ്രോക്കര്‍ ഏജന്‍സികള്‍ വഴിയും ഓഹരികള്‍ വാങ്ങാം. ഇതൊന്നുമില്ലാത്ത ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിലവിലെ റെഗുലേഷന്‍ പ്രകാരം ഓഹരി വാങ്ങാന്‍ കഴിയില്ല.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, മാഷ്‌റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഓഹരി പങ്കാളിത്വത്തിനാണ് അവസരം.
അബുദാബി സര്‍ക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു നേരത്തെ നൂറ് കോടി ഡോളറിന്റെ നിക്ഷേപം നടത്തി ലുലുവിന്റ ഇരുപത് ശതമാനം ഓഹരികള്‍ നേടിയിരുന്നു. റീട്ടെയില്‍ ഭക്ഷ്യ സംസ്‌കരണ ശൃംഖലയുടെ വിപുലീകരണത്തിനാണ് വഴിയൊരുങ്ങുന്നത്. ഓഹരിവില ഐപിഒ ആരംഭിക്കുന്ന ഒക്ടോബര്‍ 28ന് പ്രഖ്യാപിക്കും. നവംബര്‍ 5 വരെ അപേക്ഷിക്കാം. നവംബര്‍ ആറിന് അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12ന് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് അലോട്ട്‌മെന്റ് വിവരം ലഭിക്കും. നവംബര്‍ 14നാണ് ലിസ്റ്റിങ്ങ്. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കായി 10 ശതമാനം ഓഹരികളുണ്ട്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായി നിശ്ചയിച്ചിട്ടുണ്ട്. 14,280 മുതല്‍ 15,120 കോടി രൂപ വരെയാണ് സമാഹരിക്കാന്‍ ലക്ഷ്യം.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.