
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചനം നവംബര്‍ 17ന് അറിയാമെന്ന് നിയമ സഹായ സമിതി. വധ ശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് കേസ് പരിഗണിക്കും. അന്നുതന്നെ മോചന ഉത്തരവ് ഉണ്ടാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അനുവദിച്ച തീയ്യതിക്ക് മുമ്പ് കേസ് പരിഗണിക്കാന്‍ ശ്രമം തുടരുകയാണെന്ന് റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ അറിയിച്ചു.

സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ 18 വര്‍ഷമായി തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ജൂലൈ 2ന് റദ്ദാക്കിയിരുന്നു. ബാലന്റെ കുടുംബം ദിയാ ധനം സ്വീകരിച്ച് മാപ്പു നല്‍കിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. പ്രസ്തുത വിധി പുറപ്പെടുവിച്ച ബഞ്ച് പബഌക് റൈറ്റ് പ്രകാരമുളള ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്‍ വാദങ്ങള്‍ കേള്‍ക്കും. പുതിയ ബെഞ്ചില്‍ കേസിന്റെ മുഴുവന്‍ രേഖകളും എത്തിയിട്ടുണ്ട്. അടുത്ത സിറ്റിങ് കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

ഇന്ത്യന്‍ എംബസി റഹീമിന്റെ ഒട്ട്പാസ് ഉള്‍പ്പെടെയീുളള യാത്ര രേഖകള്‍ തയ്യാറാക്കി. മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാല്‍ കോടതി മോചന ഉത്തരവ് പുറപ്പെടുവിച്ചാല്‍ അബ്ദുല്‍ റഹീമിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. പതിനെട്ട് വര്‍ഷത്തെ ശ്രമം സാക്ഷാത്ക്കരിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് കാത്തിരിക്കേണ്ടതെന്ന് മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ എന്നിവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.