ഷാര്‍ജ: ഗള്‍ഫിലെ ആദ്യത്തെ ബഡ്ജറ്റ് എയറായ എയര്‍ അറേബ്യ വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു. സൂപ്പര്‍ സീറ്റ് സെയില്‍ എന്ന് പേരിട്ട ഏര്‍ലി ബേര്‍ഡ് പ്രൊമോഷനില്‍ അഞ്ചു ലക്ഷം സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭ്യമാക്കുക. കേരളത്തിലേക്കുള്ള തിരുവനന്തപുരം, കൊച്ചി സര്‍വീസുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. മുംബൈ, ദില്ലി, അഹമ്മദാബാദ്, ജയ്പൂര്‍, നാഗ്പൂര്‍, കൊല്‍ക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കും നിരക്കിളവില്‍ യാത്ര ചെയ്യാം.
മൂവായിരം രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളിലാണ് ഇളവുകള്‍. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ്. 2025 മാര്‍ച്ച് 1 മുതല്‍ 2025 ഒക്ടോബര്‍ 25 വരെയുള്ള കാലയളവില്‍ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.
ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നു ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ നടത്താറുണ്ട്. ഇന്ത്യയില്‍ നിന്ന് ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ എന്നീ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള നോണ്‍സ്‌റ്റോപ്പ് വിമാനങ്ങള്‍ക്ക് പുറമേ മിലന്‍, വാഴ്‌സ, ക്രാക്കോവ്, ഏഥന്‍സ്, മോസ്‌കോ, ബാകു, റ്റ്ബിലിസി, അള്‍മാട്ടി തുടങ്ങിയ വിവിധ ഡെസ്റ്റിനേഷനുകളും പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എയര്‍ അറേബ്യയുടെ airarabia.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. അടുത്തിടെ പുതിയതായി റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തെ മോസ്‌കോ ഡോമൊഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളുമായി ബന്ധിപ്പിക്കുന്ന സര്‍വീസും എയര്‍ അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 27 മുതല്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.