റിയാദ്: മഹാമാരിയുടെ കാലത്ത് ലോകത്തുളള നഴ്‌സുമാരുടെ സേവനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആല്‍ബം. നഴ്‌സുമാരുടെ ജീവിതവും സാമൂഹിക പ്രതിബദ്ധതയുമാണ് ‘വിളക്കാണ് മാലാഖമാര്‍’ എന്ന ആല്‍ബത്തിന്റെ പ്രമേയം. കൊവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ത്യാഗോജ്വലമായ സേവന പ്രവര്‍ത്തനങ്ങളാണ് നഴ്‌സുമാര്‍ നിര്‍വഹിക്കുന്നത്. ആതുര സേവന മേഖലയില്‍ സേവനം അനുഷ്ടിക്കുന്ന ക്ലീനര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരയുള്ളവരുടെ സേവനങ്ങളും വിലമതിക്കാനാവില്ല. ഇവരെയെല്ലാം ആദരിക്കുകയാണ് വിളക്കാണ് മാലാഖമാര്‍ എന്ന സംഗീത ആല്‍ബം
കൊവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സായ അമ്മയെ കാണാന്‍ വരുന്ന മകന് ഗ്‌ളാസ് മറക്ക് പിന്നില്‍ നിന്നു ചുംബനം നല്‍കുന്ന രംഗം ഹൃദയസ്പര്‍ശിയാണ്. ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുളള ആദരമാണ് ആല്‍ബമെന്ന് രചനയും സംവിധാനവും നിര്‍വഹിച്ച ഷാരോണ്‍ ഷരീഫ് പറഞ്ഞു.
ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ യൂടൂബില്‍ റിലീസ് ചെയ്ത ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് പിന്നണി ഗായകന്‍ സത്യജിത് സ്ബുള്‍ ആണ്. അദ്ദേഹത്തോടൊപ്പം ഷബാന അന്‍ഷാദും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. റിയാദ് കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരായ ജിത എലിസബത്, നിഷ ജോസഫ്, സിനി ജെയിംസ് എന്നിവര്‍ക്കു പുറമെ രാജന്‍ കാരിച്ചാല്‍, ജോസ് ആന്റണി, ഡോ വല്ലി ജോസ് എന്നിവരാണ് ആല്‍ബത്തില്‍ വേഷമിട്ടത്. നിര്‍മാണം അസീസ് കടലുണ്ടി (സീടെക് ഈവന്റ് മാനേജ്‌മെന്റ്), സാങ്കേതിക സഹായം ജെ എം സ്റ്റുഡിയോ ലൈവ്, അന്‍ഷാദ് ഫിലിം ക്രാഫ്റ്റ്‌സ്, എന്നിവരാണ് നിര്‍വഹിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.