അലിഫ് സ്‌കൂളില്‍ ഡിജിറ്റല്‍ ഫെസ്റ്റ് ‘ബൈറ്റ്ബാഷ്’ പ്രദര്‍ശനം

റിയാദ്: നൂതന സാങ്കേതികവിദ്യയുടെ നേര്‍ക്കാഴ്ചകളൊരുക്കി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിച്ച ഐടി ഡിജിറ്റല്‍ ഫെസ്റ്റ് ‘ബൈറ്റ്ബാഷ്’ വിദ്യാര്‍ഥികള്‍ക്ക് കൗതുകവും വേറിട്ട കാഴ്ചയുമായി. എഐ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കോഡിങ്ങും നിരവധി സാങ്കേതികവിദ്യകളും നല്‍കി വിദ്യാഭ്യാസരംഗത്ത് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്‌ക്വയറുമായി സഹകരിച്ചാണ് അലിഫ് സ്‌കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിന് വേദി ഒരുക്കിയത്.

വിദ്യാര്‍ത്ഥികളുടെ സര്‍ഗ പ്രതിഭയും സാങ്കേതികരംഗത്തെ നൂതന ആശയങ്ങ േഅവതരിപ്പിക്കുന്നതിലെ ഉത്സാഹവും നിറഞ്ഞുനിന്ന ബൈറ്റ്ബാഷില്‍ പ്രദര്‍ശിപ്പിച്ച ഓരോ ഇനവും ഭാവി വാഗ്ദാനങ്ങളാണ്. ഐ ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന ഫെസ്റ്റില്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് റീജിയണല്‍ ടെക്‌നിക്കല്‍ മാനേജര്‍ (മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക) നവാസ് റഷീദ് മുഖ്യാതിഥിയായിരുന്നു. ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് സാങ്കേതിക രംഗത്തെ മുന്നേറ്റം സഹായിക്കുമെന്നും വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി പ്രതിഭകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റോബോട്ടിക്‌സ്, ഗെയിംസ്, ഡോക്യുമെന്ററി, വെബ് ഡിസൈനിങ്, എഐ തുടങ്ങിയ ടൂളുകള്‍ ഉപയോഗപ്പെടുത്തിയ 50 പ്രോജക്റ്റുകളാണ് പ്രദര്‍ശിപ്പിച്ചത്. ഫെസ്റ്റിന് ജുമൈല ബഷീര്‍ നേതൃത്വം നല്‍കി. സംഗമത്തില്‍ അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ്, അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ്, മാനേജര്‍മാരായ മുഹമ്മദ് അല്‍ ഖഹ്താനി, മുനീറ അല്‍ സഹ്ലി, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഹമീദാബാനു സ്വാഗതവും ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത് നന്ദിയും പറഞ്ഞു.

Leave a Reply