ഐസിഎഫ് റൂബി ജൂബിലി സമാപനം ഡിസം. 1ന് റിയാദില്‍

റിയാദ്: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) നാല്പത് വര്‍ഷം പിന്നിട്ടത്തിന്റെ ഭാഗമായി നടത്തിയ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബര്‍ 1 വെള്ളി ശിഫ റിമാസ് ഓഡിറ്റോറിയത്തില്‍ നടക്കും.

സംസ്ഥാന നേതാക്കള്‍, ഐസിഎഫ് ദേശീയ, അന്തര്‍ ദേശീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുഉള്ളവര്‍ സംബന്ധിക്കും. പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, പൊതു സമ്മേളനം, ഹാദിയ സംഗമം എന്നിവ നടക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1982ല്‍ പന്ത്രണ്ട് പ്രവര്‍ത്തകര്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്) റിയാദ് ഘടകത്തിന് രൂപം നല്‍കി. പിന്നീട് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) എന്ന പേര് സ്വീകരിച്ചു. പിന്നിട്ട ദശകങ്ങളില്‍ വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക, സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്കായി വിവിധ ജില്‍കളില്‍ പ്രഖ്യാപിച്ച ഏഴ് ദാറുല്‍ ഖൈര്‍ ഭവനങ്ങളില്‍ മൂന്നെണ്ണം നിര്‍മ്മാണം പൂര്‍ത്തിയാക്കി. നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രണ്ടണ്ണം അടുത്ത വര്‍ഷം കൈമാറും. രണ്ടു ഭവനങ്ങള്‍ സമാപന സമ്മേളത്തില്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട്, ത്സാര്‍ഖാണ്ഡ്, , ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര പ്രദേശ്, ബിഹാര്‍, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങി സംസ്ഥാനങ്ങളിലായി പ്രഖ്യാപിച്ച നാല്‍പത് കുടിവെള്ള പദ്ധതികളില്‍ ഇരുപത്തി രണ്ടെണ്ണം കൈമാറി. റിയാദിലെ മത പ്രബോധന, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക രംഗത്തുള്ള നാല് പ്രമുഖര്‍ക്ക് എമിനന്റ് അവാര്‍ഡ് നല്‍കി ആദരിക്കും.

പണ്ഡിത സംഗമം, നാല്‍പത് പ്രമുഖരുടെ പ്രൊഫൈല്‍ പ്രസിദ്ധീകരണം, 40 സീനിയര്‍ പ്രവാസികള്‍ക്കു ആദരം, അധ്യാപകര്‍ക്കുള്ള അനുമോദനം, വിധവകളായ നാല്‍പത് പേര്‍ക്ക് കേരളത്തില്‍ സ്വയം തൊഴില്‍ സൗകര്യത്തിന് സഹായം, യൂണിറ്റ് സമ്മേളനങ്ങള്‍, എലൈറ്റ് മീറ്റ്, റിയാദ് ഡോക്യുമെന്ററി, ചരിത്ര പഠനം, സ്‌പോര്‍ട്‌സ് മീറ്റ്, ഹാദിയ ഫെസ്റ്റ്, ആരോഗ്യ ബോധവല്‍ക്കരണം, രക്തദാനം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ വിവിധ പദ്ധതികളൂം പരിപാടികളും റൂബി ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.

വനിതാ ശാക്തീകരണം ലക്ഷ്യമായി മുഴുവന്‍ സെക്ടറുകളിലും ഹാദിയ വുമന്‍സ് അക്കാദമി പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാര്‍ത്ഥികളുടെ ധാര്‍മിക ബോധം നിലനിര്‍ത്തുന്നതിനായി പഠന ക്ലാസ്സുകളും നടത്തുന്നുണ്ട്. അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി രൂപീകരിച്ച ‘പ്രവാസി ഫാമിലി റിലീഫ് ഫണ്ടിന്റെ ആറാമത് എഡിഷന്‍ നടന്നുവരുന്നു. പ്രവര്‍ത്തകരില്‍ നിന്ന് ഇരുപത്തി അഞ്ചു റിയാല്‍ സഹായ ഫണ്ടായി സ്വീകരിക്കുകയും സഹായനിധിയില്‍ പങ്കാളികളായവര്‍ മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ വരെ സഹായം നല്‍കുന്നതാണ് പ്രവാസി ഫാമിലി റിലീഫ് ഫണ്ട്.

പതിനാറ് സെക്ടറുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു 56 യൂണിറ്റ് കമറ്റികള്‍ വഴിയാണ് ഐ സി എഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ലുഖ്മാന്‍ പാഴൂര്‍ (ജനറല്‍ സെക്രട്ടറി, സെന്‍ട്രല്‍ പ്രൊവിന്‍സ്), അബ്ദുല്‍ സലാം വടകര (സംഘടനാ കാര്യ സെക്രട്ടറി, സൗദി നാഷണല്‍) ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി (പ്രസിഡന്റ്, റിയാദ് സെന്‍ട്രല്‍), അബ്ദുല്‍ മജീദ് തനാളൂര്‍ (ജനറല്‍ സെക്രട്ടറി, റിയാദ് സെന്‍ട്രല്‍), ഷമീര്‍ രണ്ടത്താണി (ഫിനാന്‍സ് സെക്രട്ടറി, റിയാദ് സെന്‍ട്രല്‍), കബീര്‍ ചേളാരി (വിസ്ഡം സെക്രട്ടറി, ആര്‍ എസ് സി ഗ്ലോബല്‍) എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

 

Leave a Reply