
യാമ്പു: സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ യാമ്പുവിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. യാമ്പുവിലെ പ്രവാസി മലയാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രവാസി പ്രമുഖരും സംബന്ധിച്ചു. ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള വേദിയായി കൂടിക്കാഴ്ച മാറി. യാമ്പു മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ വേഗത്തിലും കൃത്യസമയത്തും കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കുക, പ്രവാസികളുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ പിന്തുണ ഉറപ്പാക്കുക, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ശക്തമാക്കുക തുടങ്ങിയവ ചര്‍ച്ച ചെയ്തു. പ്രവാസികളുടെ പാസ്‌പോര്‍ട്ട്, വിസ സംബന്ധമായ ആവശ്യങ്ങള്‍ സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു അംബാസഡര്‍ ഉറപ്പുനല്‍കി.

യാമ്പുവിലെ എണ്ണവാതക മേഖല, റീട്ടെയില്‍ രംഗം, നിര്‍മ്മാണ മേഖല തുടങ്ങിയ വിവിധ തൊഴില്‍ രംഗങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികളും പ്രൊഫഷണലുകളും ബിസിനസുകാരും നല്‍കുന്ന മികച്ച സംഭാവനകളെ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ പ്രത്യേകം അഭിനന്ദിച്ചു. അവരുടെ കഠിനാധ്വാനവും അര്‍പ്പണബോധവും ഇന്ത്യ-സൗദി ബന്ധത്തിന് കൂടുതല്‍ കരുത്തുപകരുന്നതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യാമ്പുവില്‍ ബുദ്ധിമുട്ടിലാവുന്ന നിര്‍ധനരായ പ്രവാസികള്‍ക്ക് താങ്ങായി നില്‍ക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ സന്നദ്ധസേവനങ്ങളെയും കാരുണ്യപ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ നാട്ടുകാര്‍ക്ക് സഹായമെത്തിക്കാന്‍ പ്രവാസി സംഘടനകള്‍ കാണിക്കുന്ന ഒത്തൊരുമ മാതൃകാപരമാണെന്ന് അംബാസഡര്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






