
റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. കൊലപാതകം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണ നേരിടുന്നവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് നൂറിലേറെ ഇന്ത്യക്കാര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കും. ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കും.

മദ്യനിര്‍മാണം, മദ്യകടത്ത്, ട്രാഫിക് നിയമ ലംഘനം, അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ ടാക്‌സി സര്‍വീസ് തുടങ്ങിയ കേസുകളിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടവില്‍ കഴിയുന്നത്. ഇവരെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ സ്‌പോണ്‍സര്‍മാര്‍ സന്നദ്ധമായിരുന്നില്ല. ചില സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് നാടുകടത്തല്‍ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് പാസ്‌പോര്‍ട്ടും ഇതര രേഖകളും ഇല്ലാത്തവരാണ്. ഇഖാമ ഇല്ലാത്തവരും സ്‌പോണ്‍സര്‍ ആരാണെന്ന് അറിയാത്തവരും ഉണ്ട്. ഇവരുടെ വിരലടയാളം പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിച്ച് ഔട്പാസ് വാങ്ങി ഫൈനല്‍ എക്‌സിറ്റ് നേടി ഇന്ത്യയിലേക്ക് മടക്കി അയക്കും.
അതേസമയം, 8000 ഇന്ത്യക്കാരാണ് 82 രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2021 മാര്‍ച്ചില്‍ പാര്‍ലമെന്റിലാണ് മന്ത്രാലയം വിദേശങ്ങളില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം അറിയിച്ചത്. ആറു ഗള്‍ഫ് രാജ്യങ്ങളിലും ഇറാനിലുമായി 4058 ഇന്ത്യക്കാരാണ് തടവിലുളളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സൗദി അറേബ്യയിലാണ്. 1570 പേരാണ് സൗദിയില്‍ തടവില്‍ കഴിയുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്.
തൊഴില്‍ നിയമ ലംഘനത്തെ തുടര്‍ന്ന് സൗദിയില്‍ 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മലയാളികള്‍ ഉള്‍പ്പെടെ 3000 പേരെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.