
റിയാദ്: കോഴിക്കോട് നിര്‍മ്മാണം ആരംഭിച്ച ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് റിസോഴ്‌സ് സെന്റര്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്‌കാരിക മുന്നേറ്റത്തിന്റെ കേന്ദ്രമാവുമെന്ന് കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റര്‍. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ബത്ഹ കെഎംസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് രാഷ്ട്രീയ അവബോധം പകരുവാന്‍ ബാഫഖി തങ്ങള്‍ നടത്തിയ ഇടപെടല്‍ ചരിത്രത്തിന്റെ ഭാഗമാണ്. ജനാധിപത്യ സംരക്ഷണത്തിനും സുസ്ഥിര ഭരണകൂടത്തെ രൂപപ്പെടുത്തിയെടുക്കുവാനും തങ്ങള്‍ കാണിച്ച മാതൃക അനുകരണീയമാണ്. മലയാളക്കരയില്‍ പലപ്പോഴും ഉണ്ടായിട്ടുള്ള വര്‍ഗീയ സംഘര്‍ഷ സാഹചര്യങ്ങളെ തങ്ങള്‍ കൈകാര്യം ചെയ്ത രീതി പക്വമായിരുന്നു. സൗഹാര്‍ദ്ദ അന്തരീക്ഷം തകരാതിരിക്കുവാന്‍ വലിയ കരുതലാണ് തങ്ങള്‍ നടത്തിയിട്ടുള്ളത്. ജനാധിപത്യവും മതേതരത്വവും സമാധാനവുമുള്ള അന്തരീക്ഷം ഉണ്ടായാല്‍ മാത്രമാണ് നാടിന്റെ പുരോഗതിയും സാമൂഹിക മുന്നേറ്റവും വികസനവുമെല്ലാം ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കുകയുള്ളു. അതിനുള്ള വലിയ മാതൃകയായിരുന്നു ബാഫഖി തങ്ങളുടെ കര്‍മ്മനിരതമായ ജീവിതം. ഇതെല്ലാം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബാഫഖി തങ്ങള്‍ക്ക് അനുയോജ്യമായ ഒരു സ്മാരകം പണിയുവാന്‍ കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചത്. ഡിജിറ്റല്‍ ലൈബ്രറി, സാമൂഹ്യ പഠനകേന്ദ്രം, ഓഫീസ് സമുച്ചയം, വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ നിര്‍ദ്ദിഷ്ട കേന്ദ്രത്തിലുണ്ടാവുമെന്നും റസാഖ് മാസ്റ്റര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികള്‍ക്ക് കെഎംസിസി മലപ്പുറം ജില്ലാ ഭാരവാഹികളായ ശരീഫ് അരീക്കോട്, മജീദ് മണ്ണാര്‍മല, ശിഹാബ് തങ്ങള്‍ കുറുവ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഫോമുകള്‍ മങ്കട, വേങ്ങര, വള്ളിക്കുന്ന് നിയോജകമണ്ഡലം കെഎംസിസി ഭാരവാഹികള്‍ക്ക് മുസ്‌ലിം ലീഗ് നേതാക്കള്‍ കൈമാറി. കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍, ട്രഷറര്‍ സൂപ്പി നരിക്കാട്ടിരി, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, നാസര്‍ മാങ്കാവ്, ഷമീര്‍ പറമ്പത്ത്, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് സുഹൈല്‍ അമ്പലക്കണ്ടി എന്നിവര്‍ സംസാരിച്ചു.
മലപ്പുറം ജില്ലാ ഭാരവാഹികളായ മൊയ്ദീന്‍ കുട്ടി പൊന്മള, യൂനുസ് നാണത്ത്, ഷബീര്‍ പള്ളിക്കല്‍,റഫീഖ് ചെറുമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയുംപറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.