നസ്‌റുദ്ദീന്‍ വി ജെ
അന്‍പത് മുതല്‍ അഞ്ഞൂറ് വര്‍ഷം വരെ പഴക്കമുളള ഒലിവ് മരങ്ങള്‍. നൂറ്റാണ്ടുകള്‍ പഴക്കമുളള ചെടികള്‍ക്ക് ഒന്നര മുതല്‍ രണ്ട് ലക്ഷം റിയാലാണ് വില. രാജകുടുംബാംഗങ്ങളും വ്യവസായ പ്രമുഖരുമാണ് ജുലൈബിലെ നഴ്‌സറിയില്‍ നിന്നു ഒലിവ് മരങ്ങള്‍ വാങ്ങുന്നത്. സ്‌പെയിനില്‍ നിന്നു ഇറക്കുമതി ചെയ്ത ചെടികളാണ് ലഭ്യമാക്കിയിട്ടുളളത്. അറബെക്വിന ഇനത്തില്‍പെട്ട ഒലിവ് ചെടികളാണ് ഇവിടെ ഉളളത്. നാനൂറ്, അഞ്ഞൂറ് വര്‍ഷം പഴക്കം എന്നു കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ അത്ഭുതം തോന്നിയേക്കാം. ഹോര്‍ട്ടികള്‍ച്ചറല്‍ ടെക്‌നിക്ക് ഉപയോഗിച്ചാണ് ഇത്തരം വൃക്ഷങ്ങളെ വളര്‍ത്തിയെടുക്കുന്നത്. രണ്ടോ അതിലധികമോ സസ്യങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ ചേര്‍ത്ത ചെടികളാണിത്. ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് എന്നെല്ലാം ശാസ്ത്രീയമായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഒരു ചെടിയുടെ മുകള്‍ ഭാഗം മറ്റൊരു ചെടിയുടെ റൂട്ട് സിസ്റ്റത്തില്‍ വളരുന്നു. വളര്‍ന്നുവരുന്ന പ്രക്രിയയില്‍ ഒരു ചെടിയില്‍ നിന്ന് ഒരു മുകുളമെടുത്ത് മറ്റൊന്നില്‍ വളര്‍ത്തുന്നു. സ്‌പെയിനില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ഒലിവ് ചെടികളില്‍ വളര്‍ത്തിയവയാണ് ജുബൈലില്‍ വില്‍പ്പനക്ക് വെച്ചിട്ടുളളത്.
സൗദി അറേബ്യയില്‍ ഒലിവ് ചെടികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ട്. ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്കന്‍ പ്രദേശമായ അല്‍ ജൗഫിലാണ് ഒലിവ് തോട്ടങ്ങളുളളത്. ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണ് അല്‍ജൂഫ്. രാജ്യത്തിന്റെ ഫുഡ് ബാസ്‌കറ്റ് എന്നാണ് അല്‍ ജൗഫ് അറിയപ്പെടുന്നത്.
പ്രാദേശിക ഒലിവ് ഓയില്‍ ഉല്‍പാദനത്തിന്റെ 67% ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്. വേനല്‍ക്കാലത്ത് മിത കാലാവസ്ഥയും ധാരാളം ഭൂഗര്‍ഭജലവും ലഭ്യമായതിനാലാണ് അല്‍ജൂഫിനെ സൗദിയുടെ ഫുഡ് ബാസ്‌കറ്റ് എന്ന് വിളിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ആധുനിക ഒലിവ് കൃഷിത്തോട്ടത്തിനുളള ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് അല്‍ ജൗഫ് അഗ്രികള്‍ചറല്‍ ഡവലപ്‌മെന്റ് കമ്പനി നേടിയിട്ടുണ്ട്.
വിശുദ്ധ ഖുര്‍ ആനില്‍ ഒലിവ് മരങ്ങളെയും അതിന്റെ ഫലങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. ആറാം അധ്യായം സൂറതുല്‍ അന്‍ ആം 141ാം വചനത്തിലും 24ാം ആധ്യായം സൂറതുന്നൂര്‍ 35ാം വചനത്തിലും ഒലിവിനെ സംബന്ധിച്ചു പരാമര്‍ശം കാണാം. പ്രവാചകന്‍ മുഹമ്മദ് നബി (സ)യും ഒലിവിന്റെ സവിശേഷത പറഞ്ഞിട്ടുണ്ട്. ‘നിങ്ങളുടെ മുടിക്കും ചര്‍മത്തിനും വേണ്ടി ഒലിവു ഭക്ഷിക്കുകയും അതിന്റെ എണ്ണ ഉപയോഗിക്കുകയും ചെയ്യുക, അതൊരു അനുഗ്രഹീത മരത്തില്‍ നിന്നുളളതാണ്’ തിര്‍മിദി റിപ്പോര്‍ട്ടു ചെയ്ത പ്രവാചക വചനമാണിത്. അതുകൊണ്ടുതന്നെ അറബ് നാടുകളില്‍ ഒലിവും ഒലിവു വിഭവങ്ങളും ഒലിവു മരങ്ങളും ഏറെ പ്രിയപ്പെട്ടതാണ്.
യൂറോപ്യന്‍ ഒലിവ് എന്നര്‍ഥമുള്ള ഒലിയ യൂറോപിയ എന്ന ബൊട്ടാണിക്കല്‍ നാമത്തില്‍ അറിയപ്പെടുന്ന ഒലിവ് ചെടികള്‍ ഒലിയേസി കുടുംബത്തില്‍പെട്ടവയാണ്. പരമ്പരാഗതമായി മെഡിറ്ററേനിയന്‍ തടത്തിലാണ് ഒലിവ് ധാരാളമായി കാണപ്പെടുന്നത്. മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍പെട്ട സ്‌പെയിന്‍, ഗ്രീസ്, ഈജിപ്ത്, മൊറോക്കൊ എന്നിവക്കു പുറമെ തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിലും ഒലിവ് കൃഷിചെയ്യുന്നുണ്ട്.
അനുഗ്രഹീതമായ ചെടി എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഒലിവ് മരങ്ങളെ വിശേഷിപ്പിച്ചിട്ടുളളത്. അതുകൊണ്ടാവണം അറബികള്‍ ഒലിവ് ഫലത്തോട് മാത്രമല്ല ഒലിവ് ചെടികളെയും ഇഷ്ടപ്പെടുന്നു. ചെറിയ ചെടികള്‍ മുതല്‍ ഗ്രാഫ്റ്റ് ചെയ്ത ഒലിവ് വൃക്ഷങ്ങള്‍ വരെ വീടുകളിലും കൃഷിയിടങ്ങളിലും അറബികള്‍ നടുകയും പരിപാലിക്കുകയും ചെയ്യുന്നു.
ഒലിവില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയചട്ടുണ്ട്. ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുളളതിനാല്‍ ഹൃദയത്തിന് നല്ലതാണ്. വിറ്റാമിന്‍ ഡിയുടെ അഭാവം മൂലം എല്ലുകള്‍ പൊട്ടുന്ന ഓസ്റ്റിയോപൊറോസിസ്, ക്യാന്‍സര്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിനു ഒലിവിന്റെ ഉപയോഗം മികച്ച ഫലം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഒലിവിന്റെ ഗുണങ്ങളും സവിശേഷതകളും സംബന്ധിച്ച് നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. കുറഞ്ഞ കലോറി, നല്ല കൊളസ്‌ട്രോള്‍, തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്ന പ്രകൃതിദത്ത രാസവസ്തുവായ പോളിഫെനോള്‍ എന്നിവ ഒലിവില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഒലിവു കഴിക്കുന്നതിലൂടെ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ കഴിയും. ഒലിക് ആസിഡ് അടങ്ങിയിട്ടുളളതിനാല്‍ സൗന്ദര്യവും മൃദുവും ആരോഗ്യകരവുമായ ചര്‍മത്തിന് ഒലിവെണ്ണ സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വെറുതെയല്ല അനുഗ്രഹീതമായ ചെടിയെന്ന് വിശുദ്ധ ഖുര്‍ആന്‍ ഒലിവിനെ വിശേഷിപ്പിച്ചത്. ഒലിവിന്റെ ഗുണങ്ങള്‍ പ്രവാചകന്‍ സാക്ഷ്യപ്പെടുത്തിയതും അതുകൊണ്ടാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.