വായന
നിഖില സമീര്‍

അക്ഷരങ്ങള്‍ക്ക് പിന്നിലെ സന്ദേശം ഹൃദയത്തിന്റെ നാദമാണ്. പുസ്തകത്തിലേക്കുള്ള ജാലകവചനമായ റൂമിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നപോല്‍ ഓര്‍മ്മകള്‍ അക്ഷരരൂപത്തില്‍ ഹൃദയനാദങ്ങളായ് പെയ്തിറങ്ങുകയാണ്. സ്വച്ഛന്ദം ഒഴുകുന്ന പുഴപോലെ, സുഖദമാം ഇളം കാറ്റിനൊപ്പം താളപ്പെരുക്കത്തോടെ പെയ്യുന്ന മഴ പോലെ, ഇലത്തണുപ്പിലെ മഴത്താളവും വായനകഴിഞ്ഞാലും ഉള്ളിനുള്ളില്‍ ഇറയപ്പെയ്ത്തായ് നനുത്ത കുളിരേകുകയാണ്.
വൈ.എ. സാജിദ യുടെ പതിനഞ്ചു ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’. അനുഭവങ്ങളുടെ വൈവിധ്യ വിരുന്നിനൊപ്പം അതീന്ദ്രിയമായ അനുഭൂതികള്‍ കൂടി അനുവാചകര്‍ക്ക് പകര്‍ന്നേകുന്ന അക്ഷരസുഗന്ധമാണ് വായന സമ്മാനിക്കുന്നത്. കാവ്യ സൗരഭ്യം തുളുമ്പുന്ന ഭാഷ, എഴുത്തിനൊപ്പം തലക്കെട്ടുകളുടെ കെട്ടിലും മട്ടിലും ഏറെ ഹൃദ്യത പകരുന്നു.

ആരുടെ മുന്നിലും അടിയറവ് പറയാതെ നീതിക്കും നിലനില്‍പ്പിനും വേണ്ടി പൊറുതിനേടേണ്ട സമരമാണ് ആര്‍ജ്ജവമുള്ള പെണ്ണിന്റെ ജീവിതമെന്ന സത്യം. കൈതപ്പൂക്കള്‍ കാറ്റിനോട് പറഞ്ഞതെന്ന അധ്യായത്തില്‍ ബിയ്യാത്തുമ്മയിലൂടെ ഉത്തമജീവിത ചരിത്രമായ് നിറയുന്നു. പച്ചില ഗന്ധത്തിന്റെ നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ ഹൃദയം കോര്‍ത്തത് ഉള്ളുണര്‍ത്തുന്നൊരു മഹാ സന്ദേശത്തിലാണ് .
സര്‍വജീവജാലങ്ങളും സ്‌നേഹത്തിനര്‍ഹരാണെന്നും; എന്തിനെ സ്‌നേഹിച്ചാലൂം പരിഗണിച്ചാലും തിരിച്ചതേ അളവില്‍ കിട്ടുമെന്ന് ഉറപ്പ്. കാലഘട്ടത്തിന്റെ അനിവാര്യമായൊരു ഉണര്‍ത്തല്‍ കൂടിയാണത്. മനുഷ്യഗോചരമാകുന്ന കാര്യങ്ങള്‍ക്കപ്പുറമാണ് ജീവത സ്പന്ദനങ്ങള്‍. എഴുത്തു വഴികള്‍ക്കപ്പുറം സ്വയം സ്‌നേഹമായിരിക്കലാണ് ജീവിത സുകൃതമെന്ന് സാജിദ ജീവിതഗന്ധിയായ് അടയാളപ്പെടുത്തുകയാണിവിടെ.
എഴുത്തുകാരിയുടെ ഭാഷയില്‍ ‘ക്ലാവ് പിടിക്കാത്ത ഓര്‍മ്മകളെ തേച്ചു മിനുക്കുന്ന’ ബാല്യ കൂതൂഹലതകളുടെ ഉത്സവമേളമാണ് മനസ്സില്‍ തിളങ്ങുന്ന റമദാന്‍ നിലാവുകള്‍. ഒരുകുടുംബത്തിന്റെ ഭദ്രതക്കും ഉയര്‍ച്ചക്കും പുരുഷനൊപ്പം സ്ത്രീയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ചിന്തയാണ് സഹനത്തിന്റെ സ്ത്രീ മുദ്ര. പ്രാണന്റെ തുടിപ്പിലേക്ക് പതിയെ പെയ്തിറങ്ങുന്ന ഓര്‍മ്മപ്പെയ്ത്തിലെ മഴത്താളങ്ങള്‍, കാല്പനികതയുടെ സൗഭാഗ്യം തുളുമ്പുന്ന സിംഫണിപോല്‍ പെയ്‌തൊഴിയാതെ പൊഴിയുകയാണ്. മഴ അനുഭവസ്ഥരുടെ മാനസിക അവസ്ഥകള്‍ക്കൊത്താണ് പെയ്തു നിറയുക. പ്രണയവും വിരഹവും ശാപവുമൊക്കെയായി എത്രയെത്ര ഭാവങ്ങളാണ് മഴക്കുള്ളത്. വയസ്സറിയിച്ചു വളര്‍ന്ന പെണ്‍കുട്ടിക്കന്യമാകുന്ന ബാല്യത്തിന്റെ കൂതൂഹലതകള്‍ ഉള്‍പ്പെടെ അത്രമേല്‍ തന്മയത്വമാര്‍ന്നാണ് ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നത്. കയ്യാലക്ക് മേല്‍ പടര്‍ന്ന ശംഖു പുഷ്പത്തിന്റെ വള്ളികള്‍ ഇണചേര്‍ന്ന് കിടക്കുന്ന സര്‍പ്പങ്ങളായ് ബിംബ വത്കരിക്കപ്പെട്ടിരിക്കുന്നു .
മാതൃത്വത്തിന്റെ ശക്തിദൗര്‍ബല്യങ്ങളും നോവും നിനവും നിറവായ് ആത്മ നയനങ്ങളെ ഈണനണിയിക്കുന്ന അക്ഷരപെയ്താണ് ഒരു മാതൃദിനവും അമ്മ വിചാരങ്ങളും. കാലദേശങ്ങള്‍ക്കിരുപുറമുള്ള കടലിന്റെ രൂപഭാവാദികളും ഉദയാസ്തമയങ്ങളിലെ പ്രണയാതുരഭാവങ്ങളും ഗസലായും മഞ്ഞായും മഴയായും പൊള്ളുന്ന ശ്വാസവേഗങ്ങളായും ‘മണല്‍ കാട്ടിലെ കടലിരമ്പങ്ങള്‍ വായനക്കാരിലേക്ക് പടരുന്നു. പ്രവാസ സൗഹൃദങ്ങളുടെ മണലാഴങ്ങളും മരു പച്ചകളും മരീചികകളും നിറഞ്ഞാടുന്ന അനുഭവമാണീ ഓര്‍മ്മച്ചീള്.
സഹജീവിസ്‌നേഹവും അനുതാപാര്‍ദ്രതയും കരുണയും കവര്‍ന്നെടുത്ത ഈദോര്‍മ്മയാണ് നാടോടി അമ്മയും എന്റെ ഈദും. മരണത്തിന്റേയും വേര്പാടിന്റേയും ചിറകടി ഒച്ചകള്‍ വാക്കുകളുടെ വിന്യാസഭംഗിയാല്‍ ഒരല്പം വിഹ്വലതകള്‍ക്കൊപ്പം തണുപ്പും പ്രദാനം ചെയ്യുന്ന ഓര്‍മ്മയടരാണ് പ്രവചനങ്ങളുടെ ചിറകടികള്‍.
ഓര്‍മ്മയെഴുത്തിന്റെ സൗമ്യ വിപ്ലവം സമ്മാനിച്ച ഗ്രന്ഥകാരി വായനയോടുള്ള പാശത്തേയും മഹത്വത്തേയും ഓര്‍മ്മമണിത്തൂവലില്‍ പൊതിഞ്ഞു വെച്ചേല്‍പ്പിച്ചാണ് ഇലത്തുമ്പിലെ മഴത്താളം വായനക്കായി സമര്‍പ്പിച്ചു സവിനയം കാത്തിരിക്കുന്നത്. സാജിദയുടെ ഓര്‍മ്മയാവിഷ്‌കാരങ്ങള്‍ക്കൊപ്പം മുസാഫറിന്റെ അവതാരികയും ജാസി കാസിമിന്റെ ആത്മാവിഷ്‌കാര വരകളും കൂടി ചേര്‍ന്നാണ് പുസ്തകം മിഴിവാര്‍ന്നിരിക്കുന്നത്. ഓര്‍മ്മയുടെ നിഴലും നിലാവും പുഴയും കാട്ടാറും മുളങ്കാടും മഞ്ഞണിഞ്ഞ തരുലതാദികളും പ്രണയപരവശരായ കിളികളുമൊക്കെ പ്രണയമായ് പൊഴിഞ്ഞു വായനയുടെ വസന്തമൊരുക്കിയ വിനീത മനസ്‌കക്കു അക്ഷരവിഹായസ്സില്‍ ഇനിയുമേറെ പറന്നുയരാന്‍ കഴിയും എന്നു തെളിയിക്കുന്നതാണ് ഇലത്തണുപ്പിലെ മഴത്താളങ്ങള്‍.
ഇലത്തണുപ്പിലെ മഴത്താളങ്ങള്‍
വൈ.എ. സാജിദ
ലിപി പബ്ലിക്കേഷന്‍സ്
വില 150 രൂപ

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
