Sauditimesonline

SaudiTimes

വര്‍ണ്ണാഭമായ കലാവിരുന്നൊരുക്കി ‘കേളി ദിനം’

റിയാദ്: വര്‍ണ്ണാഭമായ കലാസദ്യ ഒരുക്കി കേളി കലാസാംസ്‌കാരിക വേദി പത്തൊന്‍പതാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. ബഗ്ലഫിലെ മോഡേണ്‍ മിഡില്‍ ഈസ്‌ററ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി രാവിലെ 9ന് ആരംഭിച്ച ആഘോഷ പരിപാടികള്‍ രാത്രി 11ന് സമാപിച്ചു. ഇ കെ രാജീവന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തെയ്യം കലാരൂപം പ്രവാസികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന വേറിട്ട കാഴ്ചയായി.

കുടുംബവേദിയുടെ ബാനറില്‍ സീബാ കൂവോടിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്ത ശില്‍പ്പം, വിവിധ ഏരിയകളിലേയും കുടുംബവേദിയിലേയും അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച ഒപ്പന, കഥക് നൃത്തം, ആനുകാലിക ഇന്ത്യയുടെ നേര്‍ചിത്രങ്ങള്‍ വരച്ചു കാട്ടിയ നാടകങ്ങള്‍, കവിതകളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍, കഥാപ്രസംഗം, കവിതകള്‍, നാടന്‍ പാട്ടുകള്‍, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, മാപ്പിളപ്പാട്ടുകള്‍, സിനിമാപ്പാട്ടുകള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, എന്നിവയും വാര്‍ഷികാഘോഷത്തിന് മിഴിവേകി.

കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗം സുരേഷ് ലാലിന്റെയും അനിരുദ്ധന്റെയും നേതൃത്വത്തില്‍ റിയാദ് കേളിയുടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങളേയും പിണറായി സര്‍ക്കാരിന്റെ വികസനക്ഷേമപ്രവര്‍ത്തനങ്ങളേയും അടിസ്ഥാനമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനവും നടന്നു. കൊലചെയ്യപ്പെട്ട അഭിമന്യുവിനെ കുറിച്ച് സൈമണ്‍ ബ്രിട്ടോ അവസാനമായി എഴുതിയ അഭിമന്യുവിന്റെ ജീവിതക്കുറിപ്പുകള്‍ എന്ന പുസ്തകത്തിന്റെ പ്രദര്‍ശനവും വില്പനയും നടന്നു.

കേളിദിനം 2020ന്റെ പ്രോഗ്രാം കണ്‍വീനര്‍ കെ പി സജിത്തിന്റെ നേതൃത്വത്തില്‍ ജോഷി പെരിഞ്ഞനം, ടി.ആര്‍ സുബ്രമണ്യന്‍, മുരളി കണിയാരത്ത്, കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്, ഷജിലാ സലാം, സന്ധ്യ പുഷ്പരാജ്, സജിന സിജിന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ടെക്‌നിക്കല്‍ കമ്മിറ്റിയായി സിജിന്‍ കൂവള്ളൂര്‍, ബിജു തായമ്പത്ത്, അനൗണ്‍സ്‌മെന്റ് വിഭാഗത്തില്‍ അമൃത സുരേഷ്, നൗഫല്‍ പൂവക്കുറിശ്ശി, ഷിഹാബുദ്ദിന്‍, രജിസ്‌ട്രേഷനില്‍ വിനയന്‍, സുരേഷ് കൂവോട്, ഉല്ലാസ്, ഭാഗ്യനാഥന്‍ എന്നിവരും പ്രവര്‍ത്തിച്ചു.

‘കേളിദിനം2020’ ന്റെ മുഖ്യ പ്രയോജകരായ റിയാസ് (ഫ്യൂച്ചര്‍ എജുക്കേഷന്‍), ഹോസ്സാം (മൊഹന്നത് ബുക്‌സ്), എ.ഷാഹിദ (മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), തുടര്‍ച്ചയായി കേളിയുടെ കലണ്ടര്‍ സ്‌പോണ്‌സര്‍ ചെയ്യുന്ന പ്രസാദ് (അല്‍ മത്തേഷ് ), സിദ്ദീഖ് (കൊബ്ലാന്‍) എന്നിവര്‍ക്കുള്ള ഫലകങ്ങള്‍ എം.സ്വരാജ് എം.എല്‍.എ സമ്മാനിച്ചു. പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കും ഉപഹാരം വിതരണം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top