
റിയാദ്: പിറന്ന മണ്ണില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം നടത്തുന്ന ജനവിഭാഗങ്ങളോട് മനുഷ്യത്വപരമായ സമീപനം പുലര്‍ത്തണമെന്ന് എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന് തയ്യാറാകണം. അല്ലെങ്കില്‍ ലോകം ഭീതിയോടെ കാണുന്ന അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി ഇസ്‌ലാമിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹുറൈമല കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ സംഘടിപ്പിച്ച ഹുറൈമല മലയാളി സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മക്കയില്‍ അഭയം നഷ്ടപ്പെട്ടപ്പോള്‍ എത്യോപ്യയിലേക്കും പിന്നീട് മദീനയിലേക്കും നടന്ന പലായനത്തിന്റെ ചരിത്രം മാനവികതയുടെയും നിര്‍ഭയത്വത്തിന്റെയും സന്ദേശമാണ് വിളിച്ചോതുന്നത്. മക്കയില്‍ നിന്നു വന്നവരെ മദീനക്കാര്‍ സ്വന്തം നാട്ടിലെ പൗരന്മാരായി സ്വീകരിച്ച ചരിത്രം പൗരത്വ നിഷേധ കാലഘട്ടത്തില്‍ ഭരണകൂടങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മേധാവി ശൈഖ് നാസര്‍ ദാവൂദ് സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുശഹീദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. ‘പൗരത്വ പ്രശ്‌നം നാം അറിയേണ്ടത്’ എന്ന വിഷയം അഡ്വ. ഹബീബുറഹ്മാന്‍ അവതരിപ്പിച്ചു. ശംസുദ്ധീന്‍ ആലപ്പുഴ ആമുഖ ഭാഷണം നിര്‍വഹിച്ചു. ഹനീഫ (കെ എം സി സി) ആശംസ പ്രസംഗം നടത്തി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.