
റിയാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി സന്ദര്‍ശിക്കുമെന്ന് ലോക കേരള സഭാ അംഗവും കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ്. ഈ മാസം 17 മുതല്‍ 19 വരെ സൗദി സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ഇതോടെ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് വിശദീകരണം.
16ന് ബഹ്‌റൈന്‍ സന്ദര്‍ശിച്ച് 17ന് ദമ്മാമില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ കിഴക്കന്‍ പ്രവിശ്യയില്‍ ബഹുജന കൂട്ടായ്മ രൂപീകരിച്ചിരുന്നു. അതിനിടെയാണ് അനുമതി നിഷേധിച്ചതായി വാര്‍ത്ത പുറത്തു വരുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം 17 ലേയ്ക്കു മാറ്റി. ഗള്‍ഫിലെ 10 കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. കേന്ദ്രാനുമതി ലഭിക്കുമെന്നും സൗദിപര്യടനം റദ്ദാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെപിഎം സാദിഖ് സ്ഥിരീകരിച്ചു. കേളി കലാ സാംസ്‌കാരിക വേദി 25-ാം വാര്‍ഷികാഘോഷ പരിപാടികള്‍ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം മിഷന്റെ നേതൃത്വത്തിലാണ് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ പരിപാടി ഒരുക്കുന്നത്. റിയാദില്‍ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും കെപിഎം സാദിഖ് പറഞ്ഞു.






