
റിയാദ്: കുട്ടികളുടെ വായനാനുഭവം പങ്കുവെച്ചു ചില്ലയുടെ ആഗസ്ത് മാസ വായന ശ്രദ്ധേയമായി. റിയാദില്‍ വിദ്യാര്‍ത്ഥികളായ സ്‌നിഗ്ദ്ധ, സൗരവ്, നോറ റോസ് എന്നിവര്‍ ലോകത്തെ മികച്ച മൂന്ന് നോവലുകളുടെ വായനാനുഭവം പങ്കുവെച്ചു. ജെയ്ന്‍ ഓസ്റ്റിന്റെ പ്രശസ്തമായ ‘പ്രൈഡ് ആന്‍ഡ് പ്രജുഡിസ്’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചു സ്‌നിഗ്ദ നോവല്‍ ചരിത്രത്തിലെ ഏറ്റവും കാല്പനികമായ ഒരു കൃതിയെ പരിചയപ്പെടുത്തി. കുടുംബം, ബന്ധങ്ങള്‍, അതിലെ സ്ത്രീ, പുരുഷന്‍ എന്നിവയുടെ നിര്‍വചനമായി നോവല്‍ മാറുന്നതിനെ സ്‌നിഗ്ദ്ധ വിശകലനം ചെയ്തു. വിഖ്യാത എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ ‘ദ മെറ്റമോര്‍ഫോസിസ്’ എന്ന നോവലിന്റെ വായനാനുഭവം സൗരവ് പങ്കു വെച്ചു. ഗ്രിഗര്‍ സാംസ എന്ന പ്രധാന കഥാപാത്രത്തിന്റെ രൂപാന്തരത്തിന്റെ സാമൂഹ്യരാഷ്ട്രീയ വിവക്ഷകള്‍ സൗരവ് പങ്കുവെച്ചു. രൂപാന്തരത്തിലൂടെ മനുഷ്യന് സമൂഹവുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാവുന്ന അന്യവല്‍ക്കരണവും നോവല്‍ വരച്ചു കാട്ടുന്നതായി സൗരവ് പറഞ്ഞു.

അമേരിക്കന്‍ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ‘ഓള്‍ഡ് മാന്‍ ആന്‍ഡ് സീ’ എന്ന നോവലിനെ നോറ റോസ് വിശകലനം ചെയ്തു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും പോരാട്ടത്തെയുമാണ് നോവല്‍ വരച്ചുവെക്കുന്നതെന്ന് നോറ പറഞ്ഞു. തോല്‍വിയില്‍ നിന്നും ശുഭാപ്തിവിശ്വാസത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ നോവല്‍പാഠം വായനക്കാരെ പ്രാപ്തരാക്കുന്നു എന്ന് നോറ കൂട്ടിച്ചേര്‍ത്തു.

റഫീഖ് പന്നിയങ്കര അംബികാസുതന്‍ മാങ്ങാടിന്റെ ‘അല്ലോ ഹലന്‍’ എന്ന ഏറ്റവും പുതിയ നോവലിനെ പരിചയപ്പെടുത്തി. കോലത്തിരിയുടെ ഭാഗമായ അള്ളടം മുക്കാതം എന്ന ദേശത്തിന്റെ സാമന്തന്മാരായി ഭരിക്കുന്ന എട്ടുകുടക്കീഴില്‍ പ്രഭുക്കന്‍മാരില്‍ പ്രധാനിയായ അതിയാല്‍ കൂലോത്തെ അല്ലോഹലന്‍ എന്ന അവര്‍ണ്ണ നാട്ടുരാജാവിന്റെ ജീവിതവും തുളുനാടിന്റെ ഭൂതകാല ചരിത്രവും സാംസ്‌കാരിക പൈതൃകവുമൊക്കെയാണ് ഈ നോവലിന്റെ ഉള്ളടക്കം. ചതിക്കപ്പെട്ടവനും ചതിയില്‍ കൊല്ലപ്പെട്ടവനും ദൈവമായി മാറുന്ന നാടാണത്. ‘അല്ലോഹലന്‍’ എന്ന നോവലും പറയുന്നത് അത്തരം ഒരു കഥയാണെന്ന് റഫീഖ് അഭിപ്രായപ്പെട്ടു. സംവാദത്തിന് എ. ഫൈസല്‍ തുടക്കം കുറിച്ചു. സബീന സാലി, വിപിന്‍ കുമാര്‍, ഷിംന സീനത്ത്, ബീന, അനിത്ര ജ്യോമി, ഫൈസല്‍ കൊണ്ടോട്ടി, ബാസില്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു. ജോമോന്‍ സ്റ്റീഫന്‍ സംവാദം ഉപസംഹരിച്ച് സംസാരിച്ചു. നാസര്‍ കാരകുന്ന് മോഡറേറ്റര്‍ ആയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





