പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം: ചില്ല

റിയാദ്: ഇസ്രയേല്‍ അധിനിവേശവും പശ്ചിമേഷ്യന്‍ കൂട്ടക്കുരുതിയും ചര്‍ച്ച ചെയ്തു ‘ചില്ല’ ഒക്‌ടോബര്‍ മാസത്തെ വായന റിയാദ് ലുഹ ആഡിറ്റോറിയത്തില്‍ നടന്നു. ജുനൈദ് അബൂബക്കര്‍ എഴുതിയ പോനോന്‍ ഗോംബെ എന്ന നോവലിന്റെ വായനുഭവം പങ്കുവച്ചു സീബ കൂവോട് വായനയ്ക്ക് തുടക്കം കുറിച്ചു. ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍, പ്രണയവും വിരഹവും ആട്ടിയോടിക്കപ്പെട്ടവരുടെ വേദനയും പങ്കുവയ്ക്കുന്നു.

ഭീകരവിരുദ്ധ പോരാട്ടമെന്ന പേരില്‍ ഇസ്ലാമോഫോബിയയുടെ ഇരകളായി മാറുകയും ക്രൂരമായി വേട്ടയാടപ്പെടുകയും ചെയ്യുന്ന ഒരുകൂട്ടം ജനങ്ങളുടെ ജീവിതം നോവലില്‍ വരച്ചുകാട്ടുന്നുണ്ട്. സ്വന്തം ഭൂമികയില്‍ വിലാസം നഷ്ടപ്പെടുന്നവരുടെ വേദനകളും ദുരിതങ്ങളും പങ്കുവയ്ക്കുന്ന കൃതിയുടെ സവിശേഷതകള്‍ സീബ കൂവോട് വിവരിച്ചു.

അജയ് പി മങ്ങാട്ടിന്റെ മൂന്നു കല്ലുകള്‍ എന്ന നോവലിന്റെ ഇതിവൃത്തം ഫൈസല്‍ കൊണ്ടോട്ടി അവതരിപ്പിച്ചു. നോവലിസ്റ്റ് എന്ന നിലയില്‍ ഗ്രന്ഥകാരന്റെ പൂര്‍ണ്ണ പരിണാമം അടയാളപ്പെടുത്തുന്നുവെന്ന് ആമുഖമായി പറഞ്ഞാണ് ഫൈസല്‍ കൊണ്ടോട്ടി വായനാനുഭവം പങ്കുവെച്ചത്. മനുഷ്യനും ഭരണകൂടവും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ സംഗ്രഹമായി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. വിഷാദവും ദുഃഖവും മടുപ്പും വായനക്കാരനില്‍ സൃഷ്ടിക്കുമെങ്കിലും ആഴത്തിലുള്ള വായനയിലേക്ക് പ്രവേശിക്കുമ്പോള്‍ ജിജ്ഞാസ ഉണര്‍ത്തുന്നുണ്ട്. കഥാപാത്രങ്ങളുടെ സൂക്ഷ്മവികാരങ്ങള്‍, പല കാലങ്ങളിലായി പടര്‍ന്നു കിടക്കുന്ന കഥ, ഭൂതഭാവിവര്‍ത്തമാനകാല ഫ്‌ളാഷ്ബാക്കുകളൊക്കെ മികച്ചൊരു വായനാനുഭവം സമ്മാനിക്കുന്നുവെന്ന് ഫൈസല്‍ പറഞ്ഞു.

അമേരിക്കന്‍ എഴുത്തുകാരി ജെസ്സി ഹാസ് എഴുതിയ ചെയ്‌സ് എന്ന ബാലസാഹിത്യ കൃതിയുടെ വായന സ്‌നിഹ്ദ വിപിന്‍കുമാര്‍ അവതരിപ്പിച്ചു. കൃതിയിലെ വായനക്കാരെ ആകര്‍ഷിക്കുന്ന, നിഗൂഢതതയും സസ്‌പെന്‍സും നാടകീയതയും നിറഞ്ഞ രക്ഷപ്പെടലിന്റെ കഥയും സ്‌നിഹ്ദ സദസുമായി പങ്കുവച്ചു. ജെസ്സി ഹാസിന്റെ മറ്റുകൃതികളില്‍ എന്നപോലെ കുതിരയും നോവലില്‍ പ്രധാന കഥാപാത്രമായി ഗ്രന്ഥകാരി അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ കാലജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോഴുണ്ടാകുന്ന തിരിച്ചറിവുകളെ മനോഹരമായി വരച്ചിടുന്ന ലൈല സക്കീറിന്റെ ‘തണലില്‍ തളിര്‍ത്തത്’ എന്ന കൃതിയാണ് സഫറുദീന്‍ താഴേക്കോട് അവതരിപ്പിച്ചത്. ബാല്യം ഒരുപിടി ഓര്‍മകള്‍ മാത്രമല്ല, വൈകാരികമായോ ഭൗതികമായോ ചില നഷ്ട്ടപ്പെടല്‍ കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതും എല്ലാക്കാലത്തും എല്ലായിടത്തുമുള്ള സ്ത്രീജീവിതങ്ങള്‍ സമാനമാണെന്നുള്ള കണ്ടെത്തലുകളാണ് പുസ്തകത്തിലെ കഥകള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് സഫറുദീന്‍ അഭിപ്രായപ്പെട്ടു.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ മൂര്‍ത്തമായ സമകാലിക പശ്ചാത്തലത്തില്‍, ഇസ്രായേല്‍ സ്വദേശിയായ ചരിത്രകാരന്‍ ഐലന്‍ പാപ്പെയുടെ ‘ടെന്‍ മിത്ത് എബൌട്ട് ഇസ്രേല്‍’ എന്ന കൃതിയുടെ വായന ഷഹീബ വി കെ അവതരിപ്പിച്ചത് കൂടുതല്‍ ചര്‍ച്ചക്കും സംവാദത്തിനും ഇടനല്‍കി. ഇസ്രായേല്‍ എന്ന ജൂതരാജ്യത്തിന്റെ ഉത്ഭവത്തെയും സ്വത്വത്തെയും കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ വസ്തുതകളും നിരീക്ഷണങ്ങളുമാണ് ചരിത്രകാരന്‍ കൂടിയായ എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്.

ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെ സമയത്ത് ഫലസ്തീന്‍ ഒരു ശൂന്യഭൂമിയായിരുന്നുവെന്ന അവകാശവാദവും സയണിസത്തിന്റെ രൂപീകരണവും രാഷ്ട്രനിര്‍മ്മാണത്തിന്റെ ആദ്യ ദശകങ്ങളില്‍ അതിന്റെ പങ്കും 1948ല്‍ പലസ്തീനികള്‍ സ്വമേധയാ അവരുടെ മാതൃഭൂമി വിട്ടുപോയി തുടങ്ങിയ വാദങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്നതാണ് ഈ പുസ്തകമെന്ന് ഷഹീബ അഭിപ്രായപ്പെട്ടു.

ചര്‍ച്ചയിലും സംവാദത്തിലും മൂസ കൊമ്പന്‍, വിപിന്‍കുമാര്‍, ജോമോന്‍ സ്റ്റീഫന്‍, പ്രദീപ് ആറ്റിങ്ങല്‍, വിനോദ് മലയില്‍, ബഷീര്‍ കാഞ്ഞിരപ്പുഴ, ഷിഹാബ് കുഞ്ചിസ് തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് ലാല്‍ മോഡറേറ്റര്‍ ആയിരുന്നു. നാസര്‍ കാരക്കുന്ന് പുസ്തകാവതരണം അവലോകനം ചെയ്തു.

 

Leave a Reply