ഭരണഘടന തകര്‍ത്ത് മതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമം

റിയാദ്: ജനാധിപത്യ സംവിധാനങ്ങളെ വരുതിയിലാക്കി മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമം ഇന്ത്യയില്‍ മോദി ഭരണകൂടം നടത്തുകയാണെന്ന് ‘റിയാദ് ചിന്ത’ സംഘടിപ്പിച്ച സെമിനാര്‍. ഭരണഘടനയെ വെറും നോക്കുകുത്തിയാക്കിയാണ് നിലവില്‍ ഭരണം നിര്‍വ്വഹിക്കുന്നത്. ഭാവിയില്‍ ഭരണഘടന മാറ്റിയെഴുതാനും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. പുതിയ പാര്‍ലമെന്റില്‍ മതചിഹ്നം ചെങ്കോല്‍ പ്രതിഷ്ഠിച്ചു. ലോക്‌സഭാ അംഗങ്ങള്‍ക്ക് നല്‍കിയ ഭരണഘടനയുടെ പുതിയ പതിപ്പില്‍ ‘സോഷ്യലിസം, മതേതരത്വം’ എന്നീ മൂല്യവത്തായ പദങ്ങള്‍ ആമുഖത്തില്‍ നിന്നും ഒഴിവാക്കുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളേണ്ട മന്ത്രിസഭയില്‍ ന്യുനപക്ഷ പ്രതിനിധ്യം പൂര്‍ണ്ണമായും ഇല്ലാതായി. മുസ്ലിം ക്രിസ്തീയ ആരാധനാലയങ്ങളും വീടുകളും നിരന്തരം തകര്‍ക്കപ്പെടുകയും ജയ് ശ്രീറാം വിളിക്കാന്‍ ദളിതരടക്കം രാജ്യവ്യാപകമായി വേട്ടയാടപ്പെടുകയും ചെയ്യുന്നു.

സര്‍ക്കാര്‍ ഒത്താശയോടെ വര്‍ഗീയ ലഹളകള്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പടരുന്നു. ഭരണഘടന വിഭാവനം ചെയ്ത ഫെഡലിസം തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങളും സമ്പത്തും കേന്ദ്രം കവര്‍ന്നെടുക്കുന്നു. ചരിത്ര പുസ്തകങ്ങളില്‍ നിന്നു ഗാന്ധിയും നെഹ്രുവും ആസാദും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പുറത്താക്കപ്പെടുകയും വ്യാജ ചരിത്രങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാവുകയും ചെയ്യുന്നു. മതാടിസ്ഥാനത്തില്‍ പൗരത്വ നിയമം നടപ്പാക്കുന്നു. ശാസ്ത്ര പഠനങ്ങളുടെ സ്ഥാനത്ത് കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റ് സന്യാസിമാരും രാമക്ഷേത്രം പ്രധാനമന്ത്രിയും ഉദ്ഘാടനം ചെയ്യുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് കരുതുന്ന ജുഡീഷ്വറിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍പോലും ആര്‍ എസ് എസ് നിയന്ത്രണത്തിലായിരിക്കുന്നു. രാജ്യത്തിന്റെ പേര് മാറ്റുന്നു, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നു. രാജ്യത്തെ റിപ്പബ്ലിക്കായും ജനാധിപത്യ രാജ്യമായും നിലനിര്‍ത്തിയിരുന്ന ഭരണഘടന തന്നെ ഇല്ലാതാവുന്ന ഭീതിജനകമായ നാളുകള്‍ വിദൂരമല്ലെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

വിനോദ് കൃഷ്ണ മോഡറേറ്ററായിരുന്നു, സെമിനാര്‍ കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഗുരുവായൂര്‍, ഷൈജു ചെമ്പൂര്, ഹരികൃഷ്ണന്‍, രവീന്ദ്രന്‍ പയ്യന്നൂര്‍, ഇല്യാസ് (ആവാസ്), അബ്ദുല്‍ ലത്തീഫ് (ഐ സി എഫ്), ഇസ്മായില്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ഷൈജു ചെമ്പൂര് സ്വാഗതവും പൂക്കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.

 

Leave a Reply