Sauditimesonline

KPCC
കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം

കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം

തിരുവനന്തപുരം: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ‘ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എക്‌സലന്‍സി പുരസ്‌കാരം’ കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷിന് സമ്മാനിച്ചു. പൊതുപ്രവര്‍ത്തനരംഗത്തെ മികവും ജനകീയ ഇടപെടലുകളും കണക്കിലെടുത്താണ് പുരസ്‌കാരം. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്‌കാരം കൈമാറി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

സമൂഹത്തോടുള്ള പ്രതിബദ്ധതയും ജനവിഷയങ്ങളിലുള്ള സജീവ ഇടപെടലും സി.ആര്‍. മഹേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയെന്ന് സംഘാടകര്‍ അറിയിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മദ്യം, മയക്കുമരുന്ന് തുടങ്ങിയ വിപത്തുകള്‍ക്കെതിരായ ബോധവല്‍ക്കരണവും അവാര്‍ഡ് സമിതി പ്രത്യേകം വിലയിരുത്തി.

കെപിസിസി ആസ്ഥാനത്ത് നടന്ന അനുമോദന സമ്മേളനത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രഭാഷണം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, പി.എ. സലീം, ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ സംസാരിച്ചു. ഒഐസിസി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, സക്കീര്‍ ദാനത്ത് തുടങ്ങിയവരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതവും സെക്രട്ടറി റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചാണ്ടി ഉമ്മന്‍ എംഎല്‍എയാണ് നേരത്തെ പ്രഖ്യാപിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top