
റിയാദ്: കൊവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ച സ്വദേശി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഫ്യൂ നിലവിലുളള സമയം സുഹൃത്തുക്കളോടൊപ്പം പുറത്തു കറങ്ങാന്‍ പോയതോടെ ഭാര്യയാണ് പൊലീസില്‍ വിവരം അറിയിച്ചത്. സാമൂഹിക ഉത്തരവാദിത്തം നിര്‍വ്വഹിച്ച യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനാണ് കര്‍ഫ്യൂ നടപ്പിലാക്കിയിട്ടുളളത്. ഇത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഇതിനായി കുല്‍നാ മസ്ഊല്‍ അഥവാ നാമെല്ലാം ഉത്തരവാദികളാണ് എന്ന പ്രമേയത്തില്‍ കാമ്പയിനും നടക്കുന്നുണ്ട്. പൊലീസ്, ട്രാഫിക് പട്രോള്‍, നാഷണല്‍ ഗാര്‍ഡ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായാണ് റോഡുകളില്‍ പരിശോധന നടത്തുന്നത്.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 10000 റിയാലും രണ്ടാം തവണ 20,000 റിയാലും പിഴ ചുമത്തും. മൂന്നാമതും നിയമം ലംഘിച്ചാല്‍ 20 ദിവസം വരെ തടവും ശിക്ഷ ലഭിക്കും. കര്‍ഫ്യൂ നിയമ ലംഘനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സൈബര്‍ വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ആറ് പ്രകാരം അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

നിയമ ലംഘനം നടത്തുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ പൊതു സുരക്ഷാ വിഭാഗത്തെ അറിയിക്കണം. വിവരം നല്‍കുന്നവര്‍ തെളിവ് നല്‍കുകയോ ചോദ്യം ചെയ്യലിന് വിധേയരാവുകയോ ചെയ്യേണ്ടതില്ലെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.