ദമ്മാം: ഒഐസിസി സംഘടനാ തെരഞ്ഞെടുപ്പിന് മാതൃകയായി ദമ്മാമില്‍ മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ് പരിപാടി ശ്രദ്ധനേടി. ഡിസംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇകെ സലിം, ഹനീഫ റാവുത്തര്‍, സിറാജ് പുറക്കാട് എന്നിവരാണ് മത്സര രംഗത്തുളളത്. ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നുളള കൗണ്‍സിലര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുമായി സംവദിക്കാന്‍ അവസരം ഒരുക്കി.
സംഘടനയെ ശക്തിപ്പെടുത്താനും പ്രവാസ ലോകത്തെ കര്‍മ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കാനും വിഭാവന ചെയ്യുന്ന കാര്യങ്ങള്‍ ഓരോ സ്ഥാനാര്‍ഥികളും വിശദീകരിച്ചു. കെട്ടുറപ്പോടെ എല്ലാവരെയും അണിനിരത്തി സംഘടനയെ നയിക്കുമെന്നാണ് സ്ഥാനാര്‍ഥികള്‍ നല്‍കിയ വാഗ്ദാനം.
ഗ്‌ളോബല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കല്‍ (വല്യാപ്പുക്ക), നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല എന്നിവര്‍ പ്രസംഗിച്ചു.
ഇ.കെ. സലിം സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറിയായി ആറുവര്‍ഷം സംഘടനയെ നയിച്ച അനുഭവ സമ്പത്തുമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഹനീഫ റാവുത്തര്‍ വൈസ് പ്രസിഡന്റായും സിറാജ് പുറക്കാട് ദേശീയ സമിതി ജീവകാരുണ്യ വിഭാഗം കണ്‍വീനറായും സംഘടനാ രംഗത്ത് സജീവമാണ്. മൂന്ന് സ്ഥാനാര്‍ഥികളും പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യത തെളിയിച്ചവരാണ്. അതുകൊണ്ടുതന്നെ ശക്തമായ മത്സരമാകും നടക്കുക.
ഒ.ഐ.സി.സി ദേശീയ സമിതി സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത്, റഷീദ് കൊളത്തറ എന്നിവരാണ് റിട്ടേണിംഗ് ഓഫിസര്‍മാര്‍. റീജയനല്‍ കമ്മറ്റിയുടെ മറ്റ് ഭാരവാഹികളെ റീജിയനല്‍ കമ്മറ്റി കൗണ്‍സിലര്‍മാരുടെയും ജില്ലാ കമ്മറ്റികളുടെയും അഭിപ്രായം സ്വീകരിച്ച് സമവായത്തിലൂടെ നേരെത്തെ തെരഞ്ഞെടുത്തിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം കമ്മറ്റി ഭാരവാഹികളെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ പ്രഖ്യാപിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.