റിയാദ്: കാലത്തെ അടയാളപ്പെടുത്തുന്ന ആധുനിക കവിതകളും യാത്രകളിലെ കാഴ്ചകള്‍ക്കപ്പുറം, അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ശൈലന്റെ ‘രാഷ്ട്രമീമാംസ’ കവിതാസമാഹാരത്തിലെ കവിതകള്‍ അവതരിപ്പിച്ചു ചില്ല നവംബര്‍ വായന. വിപിന്‍ കുമാര്‍ ആസ്വാദനം അവതരിപ്പിച്ച് പരിപാടി ആരംഭിച്ചു. ജീവിതത്തെയും അനുഭവത്തെയും പാരമ്പര്യവഴികളില്‍ നിന്നുമാറിയുള്ള സവിശേഷമായ കാവ്യാനുഭവമാക്കി മാറ്റാന്‍ കഴിയുന്നവയാണ് ശൈലന്റെ കവിതകള്‍. ഈ കാലഘട്ടത്തില്‍ ഏതൊരു രാഷ്ട്രീയ ബോധമുള്ള മനുഷ്യന്റെയും മനഃസാക്ഷിയെ മഥിക്കുന്ന യഥാര്‍ത്ഥ വേദനയും രാഷ്ട്രമീമാംസയുടെ അന്തസത്തയെ വിഭജിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയവും കവിതയില്‍ നിഴലിക്കുന്നു. ശ്വസിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും പൊളിറ്റിക്കല്‍ ആയിരിക്കേണ്ട കാലത്തിന്റെ ഉത്തമബോധ്യങ്ങളാണ് രാഷ്ട്രമീമാംസയിലെ കവിതകള്‍.
തമിഴകത്തെ ദ്രാവിഡ ജനമുന്നേറ്റങ്ങളുടെ ധൈഷണിക നേതൃത്വം വഹിച്ച പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ സംഭവ ബഹുലമായ ജീവിതം ആധാരമാക്കി ചിന്തകനും ദ്രാവിഡ കഴകം പ്രചാരകനുമായ മജ്ഞയ് വസന്തന്‍ രചിച്ച ‘പെരിയാര്‍ ജീവിതവും ചിന്തകളും ‘ എന്ന പുസ്തകത്തിന്റെ ആസ്വാദനം ജോമോന്‍ സ്റ്റീഫന്‍ നിര്‍വഹിച്ചു. ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരെ പടപൊരുതിയ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വലിയ പോരാട്ടങ്ങള്‍ നടത്തിയ പെരിയോര്‍ ഇ. വി രാമസ്വാമി നായ്ക്കരുടെ ജീവിതവും ചിന്തകളും ജോമോന്‍ സ്റ്റീഫന്‍ സദസുമായി പങ്കുവച്ചു.
സമൂഹത്തിലെ ഗുരുതര പ്രശ്‌നങ്ങളിലൊയ ജാതി, ബ്രാഹ്മണ മേധാവിത്വം, ബ്രാഹ്മണരുടെ ചൂഷണം എന്നിവക്കെതിരെ പെരിയാര്‍ നിരന്തരം ശബ്ദിച്ചു. ബ്രാഹ്മണിക്കല്‍ യാഥാസ്ഥിതികത്വത്തിന്റെ അടിമത്തത്തില്‍ നിന്ന് നമ്മള്‍ പുറത്തുവരണം. ജാതി, മതം, വര്‍ഗീയ മേധാവിത്വം എന്നിങ്ങനെയുള്ള പൗരാണിക അധീശത്വങ്ങള്‍, അതായത് അച്ഛന്റെ കുലത്തൊഴില്‍ മകന്‍ ചെയ്യണം, പഠിക്കാന്‍ പാടില്ല, കാലങ്ങളായി നിലനില്‍ക്കുന്ന ചെറിയ വട്ടത്തിനുള്ളില്‍ തന്നെ ആ കുടുംബം ഒതുങ്ങിക്കൂടണം തുടങ്ങിയ പ്രതിലോമ ചിന്തകള്‍ക്കെതിരെ യുള്ള പോരാട്ടവും ദ്രാവിഡരാഷ്ടീയവുമൊക്കെ സദസിന്റെ ചര്‍ച്ചക്ക് വിധേയമായി. നാസര്‍ കാരക്കുന്ന്, സീബ കൂവോട്, ഐ. പി ഉസ്മാന്‍ കോയ, പ്രദീപ് ആറ്റിങ്ങല്‍, സതീഷ് വളവില്‍ തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു. സുരേഷ് ലാല്‍ മോഡറേറ്റര്‍ ആയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.