റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് (കെഇഎഫ്) ‘ഷീ കണക്ട്’ ജോബ് ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. പ്രവാസി മലയാളി വനിതകള്‍ക്ക് തൊഴില്‍ സാദ്ധ്യത പരിചയപ്പെടുത്താനും തൊഴിലവസരങ്ങള്‍ കണ്ടെത്താനുമാണ് പരിപാടി. ജാകോപ്‌സ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സീനിയര്‍ മാനേജര്‍ സിന്ധു മാധവന്‍, ദല്ല ആശുപത്രിയിലെ ഡോ. ആമിന സെറിന്‍, അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, അറബ് ഇന്‍വെസ്‌റ്റേഴ്‌സ് ചോയ്‌സ് എംഡി ഷബ്‌ന നേച്ചിയെങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
തൊഴില്‍ അന്വേഷകരായ വനിതകള്‍ക്ക് പ്രൊഫൈല്‍ ബ്രാന്‍ഡ് ചെയ്ത് തൊഴില്‍ സാധ്യത കണ്ടെത്തുന്നത് സംബന്ധിച്ച് സിന്ധു മാധവന്‍ വിശദീകരിച്ചു. സൗദി അറേബ്യയിലെ ആരോഗ്യ മേഖലകളിലെ തൊഴിലവസരങ്ങളും അതു നേടാന്‍ സഹായിക്കുന്ന കോഴ്‌സുകളും ഡോ. ആമിന സെറില്‍ അവതരിപ്പിച്ചു.
ജീവിത യാത്രയും അധ്യാപന രംഗത്തെ അനുഭവങ്ങളും സംഗീത അനൂപ് പങ്കുവെച്ചു. വെല്ലുവിളികള്‍ നേരിടണമെന്നും ജീവിത സാഹചര്യങ്ങളെ അവസരങ്ങളായി ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസം, ജോലി, അറബ് ഇന്‍വെസ്‌റ്റേഴ്‌സ് ഗ്രൂപ്പ് എംഡി തുടങ്ങിയ അനുഭവങ്ങളാണ് ഷബ്‌ന നേച്ചിയെങ്കില്‍ പങ്കുവെച്ചത്.
അഭ്യസ്ത വിദ്യരായ പ്രവാസി വീട്ടമ്മമാര്‍ക്കും സ്വയം തൊഴില്‍ പരിജ്ഞാനവുമുള്ള വനിതകള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാനുളള ശ്രമമാണ് ഷീ കണക്ട് പോലുളള പരിപാടിയെന്ന് കെഇഎഫ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
