
റിയാദ്: യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സൗദിയില്‍ പുതിയ അധ്യായന വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സുപ്രധാന തീരുമാനം. ഇതിനായി സ്‌കൂള്‍ അധികാരികള്‍ മുഖേന പ്രത്യേക അനുമതി നേടണമെന്നും അധികൃതര്‍ വ്യക്തമാക്കി.

യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളള അധ്യാപകര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ പ്രഖ്യാപനം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്‌കൂളുകള്‍, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. രാജ്യത്ത് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സമഗ്ര പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നു. കൊവിഡ് പ്രോടോകോള്‍ പ്രകാരം വിദഗ്ദ സമിതി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. 12 വയസിന് മുകളിലുളള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നല്‍കാനാണ് തീരുമാനം.
അതേസമയം, ഇന്ത്യക്കാരുള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ സൗദിയില്‍ മടങ്ങിയെത്താന്‍ കഴിയാതെ കുടുങ്ങിയ സാഹചര്യമാണ് നിലവിലുളളത്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് സൗദിയിലേക്ക് മടങ്ങിയെത്താന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുളള കുടുംബങ്ങള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.