ദമാം: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ഡിസ്പാക് പുനസംഘടിപ്പിച്ചു. ജനറല്‍ ബോഡി യോഗം ചേരാന്‍ നിലവിലെ സാഹചര്യം അനുകൂലമല്ല. മാത്രമല്ല വിരമിക്കുന്നവരുടെ ഒഴിവുകള്‍ നികത്തുന്നതും പരിഗണിച്ചാണ് പുതിയ നേത്യത്വത്തെ എക്‌സിക്യുട്ടീവ് യോഗത്തില്‍ തെരഞ്ഞെടുത്തത്. ഷഫീക് സി.കെ (പ്രസിഡന്റ്), അഷ്‌റഫ് ആലുവ (ജന. സെക്രട്ടറി), ഷമീം കാട്ടാകട (ട്രഷറര്‍), താജു അയ്യാരില്‍, മുജീബ് കളത്തില്‍ (വൈസ്. പ്രസിഡന്റ്) നജീബ് അരഞ്ഞിക്കല്‍, സാദിക് അയ്യാലില്‍ (ജോ. സെക്രട്ടറി), അബ്ദുസലാം പെരിന്തല്‍മണ്ണ (ജോ: ട്രഷറര്‍), എന്നിവരാണ് പുതിയ ഭാരവാഹികള്‍. അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ കാഴ്ച്ചവെച്ചതെന്ന് ഡിസ്പാക്കിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടാനും അധിക്യതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കാണാനും സാധിച്ചു.
മജിഷ്യന്‍ ഗോപിനാഥ് മുതുകാട്, ഡൊ. അലക്‌സാണ്ടര്‍ ജേക്കബ് തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികള്‍, അക്കാദമിക് അവാര്‍ഡ്, സിജിയുമായി സഹകരിച്ചു ബോധവല്‍ക്കരണ ക്ലാസുകള്‍, കോവിഡ് കാല മോട്ടിവേഷന്‍ ക്ലാസുകള്‍, സ്‌പെഷല്‍ കെയര്‍ വിഭാഗത്തിലെ അധ്യാപികമാരെ ആദരിക്കല്‍, റിപ്പബ്ലിക് ദിനത്തില്‍ ഡിസ്പാക്കിന്റെ സാന്നിധ്യമറിയിക്കുന്ന ടാബ്ലോകള്‍, പുസ്തക വിതരണം, വളണ്ടിയര്‍ സേവനം, സ്‌കൂള്‍ പരിസരത്ത് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ഡിസ്പാക്കിന് നിര്‍വ്വഹിച്ചതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.
ഇന്ത്യന്‍ എംബസികളുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളും സി ആന്റ് എ ജിയുടെ കീഴില്‍ കൊണ്ടുവരിക. സ്‌കൂളുകളിന്റെ 2017 മുതല്‍ മുഴുവന്‍ കണക്കുകളും പ്രൊഫഷണല്‍ ഓഡിറ്റേഴ്‌സിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കുക. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നു അത് തിരിച്ച് പിടിക്കുക, ക്രമക്കേടിനനുസരിച്ചുള്ള ശിക്ഷക്ക് ശുപാര്‍ശ ചെയ്യുക, പ്രിന്‍സിപ്പല്‍ന് അക്കാദമിക് ചുമതലകള്‍ മാത്രം നല്‍കുക, നിലവിലുള്ള ഫൈനാന്‍സ് ചുമതലകളില്‍ നിന്നു പ്രിന്‍സിപ്പള്‍നെ ഒഴിവാക്കുക, ഫൈനാന്‍സ് ചുമതലകള്‍ മുഴുവന്‍ ഫൈനാന്‍സ് കമ്മിറ്റിയുടെ കീഴില്‍ കൊണ്ടുവരിക, സ്‌ക്കൂള്‍ പുറപ്പെടുവിക്കുന്ന എല്ലാ കരാറുകളും അതിനു ലഭിച്ച മറുപടികളും, എടുക്കുന്ന തീരുമാനങ്ങളും സ്‌കൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പൂര്‍ണ്ണമായും രക്ഷിതാക്കളില്‍ നിജപ്പെടുത്തുക, ഭരണ സമിതിയിലേക്ക് എംബസ്സി നോമിനേഷന്‍ അവസാനിപ്പിക്കുക, സ്‌കൂള്‍ രക്ഷിതാക്കള്‍ പോലുമല്ലാത്ത ഹയര്‍ ബോഡ് പിരിച്ച് വിട്ട് പ്രൊഫഷനല്‍ ഓഡിറ്റേഴ്‌സ് കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കുമെന്നും ഡിസ്പാക്ക് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.