Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

ഡോ. വി പി ഗംഗാധരന് മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ്

റിയാദ്: ആതുരസേവന രംഗത്തും ജീവകാരുണ്യരംഗത്തും മികച്ച സംഭാവനക്കുള്ള പ്രഥമ മൈത്രി കാരുണ്യസ്പര്‍ശം അവാര്‍ഡ് അര്‍ബുദരോഗ ചികിത്സാവിദഗ്ദ്ധന്‍ ഡോ. വി പി ഗംഗാധരന്. പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളി പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 21 ന് വൈകുന്നേരം 7ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രൗഢമായ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ വി പി ഗംഗാധരന്‍ ‘ക്യാന്‍സര്‍ സത്യവും മിഥ്യയും’ എന്ന വിഷയം അവതരിപ്പിക്കും. സംശയനിവാരണത്തിന് അവസരവും ഉണ്ട്.

കേരളത്തില്‍ സ്‌റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ്റേഷന്‍ യൂണിറ്റ് സ്ഥാപിച്ച് അര്‍ബുദ ചികിത്സാ രംഗത്തു നേതൃത്വം നല്‍കിയത് ഡോ. ഗംഗാധരനാണ്. കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നു എം ബി ബി എസും എയിംസ് ന്യൂഡല്‍ഹിയില്‍ നിന്നു എം ഡി റേഡിയോതെറാപ്പിയും നേടിയതിന് ശേഷം ജനറല്‍ മെഡിസിനിലും ഓണ്‍കോളജിയിലും എം ഡി കരസ്ഥമാക്കി. 1995 ല്‍ യു എസ് ഫെലോഷിപ്പും 1997ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസഷന്‍ ഫെലോഷിപ്പും. ദേശീയ, അന്തര്‍ദേശീയ രംഗത്ത് നിരവധി പഠന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘ജീവിതമെന്ന അത്ഭുതം’ ഏറെ ശ്രദ്ധിക്കപ്പെട്ട രചനയാണ്. ശാസ്ത്രരത്‌ന അവാര്‍ഡ്, ഇന്ദിരാഗാന്ധി പുരസ്‌കാര്‍, ജെ.സി.ഐ ഇന്ത്യ അവാര്‍ഡ്, സംസ്‌കാര ബെസ്‌ററ് ഡോക്ടര്‍ അവാര്‍ഡ്, ഡോ. എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ടൈംസ് ഓഫ് ഇന്ത്യ ബ്രാന്‍ഡ് ഐക്കണ്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കൊച്ചിന്‍ ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ വകുപ്പ് മേധാവിയാണ്. കൊച്ചിന്‍ ക്യാന്‍സര്‍ സൊസെറ്റി, തൃശൂര്‍ ആല്‍ഫ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് എന്നിവക്ക് നേതൃത്വവും നല്‍കന്നു.

പരിപാടിയുടെ ഭാഗമായി റിയാദിലെ ഗായകരുടെ സംഗീത വിരുന്നും അരങ്ങേറും. സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷംനാദ് കരുനാഗപ്പള്ളി (0560514198) റഹ്മാന്‍ മുനമ്പത്ത് (0502848248) നസീര്‍ ഖാന്‍ (0507023710) എന്നിവരെ ബന്ധപ്പെടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top