Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം; സര്‍ക്കാര്‍ ഇടപെണമെന്ന് ആവശ്യം

റിയാദ്: സൗദിയില്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി. എംബാം സര്‍ട്ടിഫിക്കറ്റ് നേരത്തെ ഹാജരാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതാണ് മൃതദേഹം സ്വീകരിക്കുന്ന എയര്‍പോര്‍ട്ടുകളില്‍ നിന്ന് അനുമതി ലഭിക്കാത്തതിന് കാരണം.

ആഴ്ചയില്‍ അഞ്ചിലേറെ മൃതദേഹങ്ങളാണ് സൗദിയില്‍ നിന്നു കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നത്. കൊവിഡ് കാലത്ത് വിമാന സര്‍വീസ് നിലച്ചതോടെ വൈറസ് ബാധിതരല്ലാത്തവരുടെ മൃതദേഹങ്ങള്‍ പോലും ബന്ധുക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദുബായ് വഴി കേരളത്തിലേക്കുളള കാര്‍ഗോ വിമാനങ്ങളിലാണ് ഇപ്പോള്‍ മൃതദേഹം അയക്കുന്നത്. എന്നാല്‍ മൃതദേഹം സ്വീകരിക്കുന്നതിന് തയ്യാറാണെന്ന അറിയിപ്പ് എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്ന് ലഭിക്കണമെങ്കില്‍ എംബാം സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് റിയാദ് കെ എം സി സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല കാലതാമസം വരുത്തുന്നുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുമ്പ് എംബാം സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും മൃതദേഹത്തോടൊപ്പം ഒറിജിനലും ഹാജരാക്കാന്‍ കഴിയും. ഈ വ്യവസ്ഥ അംഗീകരിച്ച് എയര്‍പോര്‍ട്ടുകള്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വീകരിക്കുന്ന എയര്‍പോര്‍ട്ടില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് എംബാം ചെയ്യാന്‍ കഴിയില്ല. മൃതദേഹം കയറ്റി അയക്കുന്നതിന് മണിക്കൂറുകള്‍ മുമ്പു മാത്രമാണ് എംബാം ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി എയര്‍പോര്‍ട്ടുകളിലെ ഹെല്‍ത്ത് ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിട്ടും മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാണെന്ന അറിയിപ്പു ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് അവര്‍ വിശീദീകരിക്കുന്നത്.

തിരുവനന്തപുരത്തേക്ക് അയക്കേണ്ട രണ്ട് മൃതദേഹങ്ങള്‍ ദിവസങ്ങളോളം അനുമതിക്കായി കാത്തിരുന്നു. ഇതിനിടെ കാര്‍ഗോ വിമാനത്തിന്റെ ഷെഡ്യൂള്‍ മാറ്റിയത് തിരിച്ചടിയായി. ഇത് കൊച്ചിയിലേക്ക് കയറ്റി അയക്കാന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം പറഞ്ഞു. എംബാം സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ എയര്‍പോര്‍ട്ടുകള്‍ തടസ്സം ഉന്നയിക്കുന്നത് എത്രയും വേഗം ഒഴിവാക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സിദ്ദീഖ് തുവ്വൂര്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top