അപൂര്‍വ്വ ഖുര്‍ആന്‍ പ്രതികളുടെ പ്രദര്‍ശനം റിയാദില്‍

റിയാദ്: അപൂര്‍വ്വ ഖുര്‍ആന്‍ പ്രതികളുടെ പ്രദര്‍ശനം കൗതുകമാകുന്നു. റിയാദ് മുറബ്ബ കിംഗ് അബ്ദുല്‍ അസീസ് ലൈബ്രറിയിലാണ് പ്രദര്‍ശനം. അഞ്ചാം നൂറ്റാണ്ടു മുതല്‍ 13 നൂറ്റാണ്ടുവരെയുളള ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികളാണ് പ്രദര്‍ശനത്തിലുളളത്.

അറബി ഭാഷ സമ്പൂര്‍ണമായി വികാസം പ്രാപിക്കുകയും അറബി സാഹിത്യം മികച്ച നിലയില്‍ പ്രചരിക്കുകയും ചെയ്ത സമൂഹത്തിലാണ് ഖുര്‍ആന്‍ അവതരിച്ചത്.

മക്കയിലെ ഹിറാ ഗുഹയില്‍ ധ്യാനത്തിലായിരുന്ന പ്രവാചകന് നാല്പതാമത്തെ വയസിലാണ് ഖുര്‍ആന്‍ ജിബ്‌രീല്‍ എന്ന മാലാഖ മുഖേന അവതരിച്ചത്. 63-ാം വയസില്‍ പ്രവാചകന്‍ വിടവാങ്ങുന്ന സമയം വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ നൂറുകണക്കിന് അനുചരന്‍മാര്‍ മക്കയിലും മദീനയിലും ജീവിച്ചിരുന്നു.

ഇതിനു പുറമെ പാറയുടെ പ്രതലങ്ങളിലും തുകല്‍ ചരുളുകളിലും ഖുര്‍ആനിന്റെ അധ്യായം രേഖപ്പെടുത്തിയിരുന്നു. ഖലീഫ അബുബക്കറിന്റെ നിര്‍ദേശ പ്രകാരം സെയ്ദ് ബിന്‍ താലിത് ആണ് ഖുര്‍ആന്‍ ക്രോഡീകരിച്ചത് എന്നാണ് ചരിത്രം.

ക്രോഡീകരണത്തിന് ശേഷം ഖുര്‍ആന്‍ ലോകത്ത് വളരെ വേഗം പ്രചാരം നേടി. നൂറ്റാണ്ടുകള്‍ക്കു മുമ്പു പ്രചാരത്തിലുണ്ടായിരുന്ന ഖുര്‍ആന്‍ പതിപ്പുകള്‍ പുരാവസ്തു ഗവേഷകരും ഖുര്‍ആന്‍ ഗവേഷണ കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വിവിധ ദേശങ്ങളില്‍ കണ്ടെത്തിയ ഖുര്‍ആന്‍ ശേഖരത്തിലെ പ്രതികളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.

അറബി ഭാഷാ വികസിച്ചതോടെ വിവിധ ഫോന്റുകളിലുളള അറബി എഴുത്തുകള്‍ പ്രചരിച്ചു. ഇതോടെ ഖുര്‍ആന്‍ പ്രതിപ്പുകളും ഇത്തരത്തില്‍ കയ്യെഴുത്തു പ്രതികളായി പ്രസിദ്ധീകരിച്ചു. നസ്ഖ്, കുഫി, തുലൂത്ത്, ടിം-ബുക്തു, സുഡാനീസ്, ഷാം, ഇറാഖി, ഈജിപ്ഷ്യന്‍, യെമന്‍ ശൈലികളിലുളള കയ്യെഴുത്ത് പ്രതികളായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിവിധ പ്രദേശങ്ങളില്‍ പ്രചരിച്ചിരുന്നത്. ഇതിന്റെ വിവിധ ഘടനയിലും രൂപത്തിലുമുളള ഖുര്‍ആന്‍ പതിപ്പുകള്‍ പ്രദര്‍ശന നഗരിയിലെ കൗതുക കാഴ്ചകളാണ്.

വിശുദ്ധ ഖുര്‍ആന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രിന്റ് ചെയ്യുന്നത് മദീനയിലെ കിംഗ് ഫഹദ് പ്രിന്റിംഗ് കോംപ്ലക്‌സിലാണ്. ഇവിടെ കൈകൊണ്ടെഴുതിയ ഖുര്‍ആന്‍ പതിപ്പാണ് കമ്പ്യൂട്ടര്‍ സഹായത്തോടെ ഇന്നും പ്രിന്റിംഗിന് ഉപയോഗിക്കുന്നത്. സൗദിയിലെ വിവിധ പ്രവിശ്യകളിലെ മ്യൂസിയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ വ്യത്യസ്ഥ തരത്തിലുളള പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ട്. മദീനയിലെ പ്രിന്റിംഗ് കോംപ്ലക്‌സിനു പുറമെ കിംഗ് അബ്ദുല്‍ അസീസ് പബ്‌ളിക് ലൈബ്രറിയിലും അതിപുരാതന ഖുര്‍ആന്‍ പ്രതികളുടെ ശേഖരം സൂക്ഷിച്ചിട്ടുണ്ട്.

റിയാദില്‍ നടക്കുന്ന ഖുര്‍ആന്‍ പ്രദര്‍ശനത്തില്‍ ഖത്തര്‍ നാഷണല്‍ കളക്ഷന്‍, വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ ഗാലറി, സന്‍അ ദാര്‍ അല്‍ മഖ്തൂദാത്, ദുബ്‌ളിന്‍ ചെസ്റ്റര്‍ ബീറ്റി ലൈബ്രറി, പാരിസ് മ്യൂസിയം തുടങ്ങി നിരവധി രാജ്യങ്ങളില്‍ സൂക്ഷിച്ചിട്ടുളള നൂറ്റാണ്ടുകഭ പഴക്കമുളള ഖുര്‍ആന്‍ പ്രതികളുടെ പകര്‍പ്പുകളും കാണാം.

ഏകദേശം ഒന്‍പത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഫഹര്‍ദ്ദീന്‍ അല്‍ ശറൂര്‍ദി തുകല്‍ ചുരുളില്‍ എഴുതിയ ഖുര്‍ആന്‍ പ്രതിയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആറര മീറ്റര്‍ നീളവും 17.7 സെന്റി മീറ്റര്‍ വീതിയുമാണ് ഇതിനുളളത്.

കൗതുകമുണര്‍ത്തുന്ന കയ്യെഴുത്തുകളും വരകളുമാണ് അതിപുരാതന ഖുര്‍ആനിന്റെ ശൈലി. ഇവയില്‍ സ്വര്‍ണ്ണം പൂശിയ ഖുര്‍ആനും കാണാം. 13-ാം നൂറ്റാണ്ടില്‍ രചിച്ച കൈയ്യെഴുത്തു പ്രതിയില്‍ പുഷ്പങ്ങളും ജ്യാമിതീയ രൂപങ്ങളും വരച്ച് ആകര്‍ഷകമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുളള ഖുര്‍ആന്‍ പ്രതികള്‍ കേടുകൂടാതിരിക്കാന്‍ ശാസ്ത്രീയമായി പ്രിസര്‍വേറ്റീവ് ചെയ്താണ് സൂക്ഷിക്കുന്നത്.

റിയാദ് ബത്ഹയില്‍ അല്‍ മുറബ്ബയിലെ കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ലൈബ്രറിയില്‍ എല്ലാ റമദാനിലും ഖുര്‍ആന്‍ പ്രദര്‍ശനത്തിന് വേദിയാകും. ഓരോ വര്‍ഷവും വ്യത്യസ്ഥ ഖുര്‍ആന്‍ പതിപ്പുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. റമദാനില്‍ രാത്രി 9 മുതല്‍ 11 വരെയാണ് പ്രവേശനം.

Leave a Reply