
റിയാദ്: സൗദി അറേബ്യയില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കേരത്തിലെത്തിയ പ്രവാസികള്‍ രണ്ടാം ഡോസ് നേടാന്‍ കഴിയാതെ നെട്ടോട്ടത്തില്‍. ഒന്നാം ഡോസ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അതേ വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയാത്തതാണ് കാരണം. അതേസമയം, ഇന്ത്യയുടെ കൊവാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തിയരും തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസിന് വീണ്ടും വാക്‌സിന്‍ സ്വീകരിക്കേണ്ട ഗതികേടിലാണ്.
ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ആരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതേ വാക്‌സിന്‍ സ്വീകരിച്ച് കേരളത്തിലെത്തിയവര്‍ക്ക് രണ്ടാം ഡോസ് ലഭ്യമല്ല. സൗദി അറേബ്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും വ്യത്യസ്ഥ കമ്പനികളുടെ വാക്‌സിനുകള്‍ ഒന്നും രണ്ടും ഡോസായി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതിന് അനുമതി നല്‍കുന്നില്ലെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി ദേശീയ ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ പറഞ്ഞു.

അതിനിടെ കേരളത്തില്‍ നിന്ന് ഇന്ത്യയുടെ കോവാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തിയവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുന്നില്ല. കോവാക്‌സിന് സൗദി അറേബ്യയില്‍ അംഗീകാരം ഇല്ലാത്തതാണ് തിരിച്ചടിയായത്. കൊവാക്‌സിന് അംഗീകാരം നേടിയെടുക്കാന്‍ അടിയന്തിര നയതന്ത്ര ഇടപെടല്‍ വേണം. അതോടൊപ്പം ഇന്ത്യയില്‍ ലഭ്യമല്ലാത്ത വാക്‌സിന്‍ ഒന്നാം ഡോസായി വിദേശങ്ങളില്‍ നിന്നു സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് അനുവദിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.