റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ നടന്ന ജിസിസി മന്ത്രിതല സമിതിയുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സമ്മേളനത്തിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള മൂന്ന് മന്ത്രിതല യോഗങ്ങളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്രോവ്, ബ്രസീല്‍ വിദേശകാര്യമന്ത്രി മൗറോ വിയേറ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചകളാണ് നടന്നത്. ഉഭയകക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്ത മന്ത്രിമാര്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.
വിദേശകാര്യമന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍സെക്രട്ടറി ഡോ. സൗദ് അല്‍ സാത്തി, അന്തര്‍ദേശീയകാര്യ അണ്ടര്‍സെക്രട്ടറിയും പബ്ലിക് ഡിപ്ലോമാറ്റ് അഫയേഴ്‌സ് ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ റാസി എന്നിവര്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രി എസ്. ജയശങ്കറോടൊപ്പം മുതിര്‍ന്ന നയതന്ത്ര പ്രതിനിധി സംഘവും റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനും എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബൂ മാത്തന്‍ ജോര്‍ജും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.