Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

‘ഒരുമിച്ചു വളരാന്‍’ കാല്‍പ്പന്തുത്സവം; 2034നെ വരവേല്‍ക്കാനൊരുങ്ങി സൗദി

രാജ്യാന്തര ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥ്യം അരുളാനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. നാലു വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ ഇരുപത്തിയഞ്ചാമത് എഡിഷന്‍ 2034ല്‍ അരങ്ങേറും. ‘ഒരുമിച്ചു വളരുന്നു’ എന്നതാണ് സൗദി അറേബ്യ വേള്‍ഡ് കപ്പ് പ്രചാരണങ്ങള്‍ക്കു നല്‍കിയിട്ടുളള മുദ്രാവാക്യം. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്‍ ആഘോഷങ്ങളോടെയാണ് രാജ്യം എതിരേറ്റത്. സൗദിയുടെ വികസന കുതിപ്പിനും സാമ്പത്തിക മുന്നേറ്റത്തിനും രാജ്യത്തിനു ലഭിച്ച ആതിഥേയത്വം കൂടുതല്‍ ഊര്‍ജ്ജം സമ്മാനിക്കും. പത്തു വര്‍ഷങ്ങള്‍ക്കപ്പുറമാണ് കാല്‍പ്പന്തുത്സവമെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സൗദി അറേബ്യയുടെ ദേശീയ കളിയാണ് ഫുട്‌ബോള്‍. രാജ്യത്തെ എണ്‍പത് ശതമാനം ജനങ്ങളും ഫുട്‌ബോള്‍ ആരാധകരാണ്. ജനസംഖ്യയില്‍ 63 ശതമാനവും 30 വയസില്‍ താഴെയുളള യുവതയാണ്. അതുകൊണ്ടുതന്നെ കാല്‍പ്പന്തു മത്സരമില്ലാത്ത ഒരു ആഘോഷവും സൗദിയിലില്ല. ഈ പശ്ചാത്തലത്തിലാണ് അറബ്യന്‍ ഉപദ്വീപില്‍ രണ്ടാം തവണ ഫിഫ ലോക കപ്പിന് സൗദി അറേബ്യ ആതിഥ്യം വഹിക്കുന്നത്. അറബ് മണ്ണിലെ പ്രഥമ ലോക കപ്പിന് 2022ല്‍ ഖത്തര്‍ ആണ് വേദിയായത്.

200ലധികം അംഗ രാജ്യങ്ങളിലെ ഫെഡറേഷന്‍ പ്രതിനിധികളുടെ കരഘോഷത്തിനിടെ സൂറിച്ചില്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സൗദി അറേബ്യയെ ആതിഥേയ രാജ്യമായി പ്രഖ്യാപിച്ചത്. ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് സൗദി അറേബ്യയ്ക്ക് ലോക കപ്പിന് വേദിയൊരുക്കാന്‍ അവസരം. ഇത് ലോകം അടയാളപ്പെടുത്തുന്ന മുന്നേറ്റങ്ങള്‍ക്കും സാംസ്‌കാരിക വിനിമയങ്ങള്‍ക്കും തുടക്കമാണെന്നു പ്രതിഫലിപ്പിക്കുന്നതായിരുന്നു ആതിഥേയ രാജ്യമായി പ്രഖ്യാപിച്ചതിന്റെ ആഘോഷങ്ങള്‍.

രാജ്യത്തെ 13 നഗരങ്ങളില്‍ നാലു ദിവസം നീണ്ടു നിന്ന ആഘോഷങ്ങളാണ് അരങ്ങേറിയത്. പ്രഖ്യാപനം നടന്ന സമയം മുതല്‍ തലസ്ഥാനമായ റിയാദില്‍ കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിന്റെ സാന്നിധ്യത്തില്‍ മന്ത്രിമാര്‍, രാജകുടുംബാംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍, കായിക താരങ്ങള്‍ എന്നിവര്‍ ആലിംഗനം ചെയ്തും ദേശഭക്തി ഗാനം ആലപിച്ചും സന്തോഷം പങ്കുവെച്ചു. 13 വയസ് പ്രായമുളള രണ്ട് സൗദി കുട്ടികളാണ് രാജ്യത്തിന്റെ മഹിമയും ഫുട്‌ബോളിന്റെ ആവേശവും ഇംഗഌഷ് ഭാഷയില്‍ ലോകത്തോട് വിളംബരം ചെയ്തത്. തീര്‍ച്ചയായും ഇവര്‍ 2034ലെ ഫിഫ കപ്പ് വേദിയില്‍ താരമാകുമെന്നു മാത്രമല്ല, യുവത്വം തുളുമ്പുന്ന 23-ാം വയസില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ സാക്ഷ്യപ്പെടുത്താനും ഇവര്‍ക്കു കഴിയും.

ലോക കപ്പ് പ്രഖ്യാപനം വന്നതോടെ, അടുത്ത അഞ്ചു വര്‍ഷം സൗദിയില്‍ ഒന്നര ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. വിനോദ സഞ്ചാരം, വ്യോമയാനം, ടെലികമ്യൂണിക്കേഷന്‍, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, കായിക രംഗം തുടങ്ങി വിവിധ തലങ്ങളില്‍ വിദേശികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് അവസരം ലഭിക്കും. ഇതു സാമ്പത്തിക വളര്‍ച്ചയ്ക്കും വിദേശ നിക്ഷേപങ്ങള്‍ക്കും ഇടവരുത്തും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറിലധികം രാജ്യാന്തര കായിക, വിനോദ, മത്സര പരിപാടികള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം രാജ്യാന്തര നിലവാരമുളള ദേശീയ ഗെയിംസ് സംഘാടനം വലിയ അനുഭവ സമ്പത്താണ് രാജ്യത്തിന് നേടിക്കൊടുത്തത്. കായിക രംഗത്ത് 2015ല്‍ 2300 വളന്റിയര്‍മാര്‍ ഉണ്ടായിരുന്നിടത്ത് 2023ല്‍ 8.34 ലക്ഷമായി ഉയര്‍ന്നു. വനിതാ പങ്കാളിത്തം 149 ശതമാനം വര്‍ധിക്കുകയും ചെയ്തു. കായിക പരിശീലകരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവാണ് നേടിയത്. ഫിഫ കപ്പ് പോലുളള മെഗാ ഈവന്റുകള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ആവശ്യമാണ്. വിവിധ പ്രവിശ്യകളിലായി 15 ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. റിയാദില്‍ എട്ടും ജിദ്ദയില്‍ നാലും നിയോം, അല്‍ ബഹ, അല്‍ കോബാര്‍ എന്നിവിടങ്ങളില്‍ ഓരോ സ്‌റ്റേഡിയങ്ങളുമാണ് ഒരുങ്ങുന്നത്. 48 ടീം ഒരു രാജ്യത്ത് ഫിഫ കപ്പ് മാറ്റുരക്കുന്നതു സൗദി ഫിഫ കപ്പിന്റെ പ്രത്യേകതയാണ്. ടീമുകള്‍ക്കു പരിശീലനത്തിനുളള പ്രത്യേക ഗ്രൗണ്ടുകളും ഒരുങ്ങുന്നുണ്ട്.

18 പ്രോ ലീഗ് ക്ലബുകളും 18 ഫസ്റ്റ് ഡിവിഷന്‍ ക്ലബുകളും 32 സെക്കന്റ് ഡിവിഷന്‍ ക്ലബുകളും 40 തേഡ് ഡിവിഷന്‍ ക്ലബുകളും രാജ്യത്തുണ്ട്. ഈ ക്ലബുകളുടെ കളിക്കളങ്ങള്‍ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി പരിശീലനത്തിനുളള ഇടങ്ങളാക്കും. ഫുട്‌ബോളിന്റെ കായിക സാധ്യതകള്‍ മാത്രമല്ല, സാമ്പത്തിക താത്പര്യങ്ങളും മനസ്സിലാക്കിയതുകൊണ്ടാകണം 50 രാജ്യങ്ങളില്‍ നിന്നുളള 150തിലധികം താരങ്ങള്‍ സൗദി പ്രോ ലീഗില്‍ വിവിധ ക്ലബുകള്‍ക്കായി നിലവില്‍ ജഴ്‌സി അണിയുന്നുണ്ട്.

മൊറോക്കോ. സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ മൂന്നു രാജ്യങ്ങള്‍ സംയുക്തമായാണ് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2034 ലോകകപ്പ് ആതിഥേയത്വം വഹിക്കാനുളള ലേല നടപടികള്‍ 2023 ഒക്ടോബര്‍ 4ന് ആരംഭിച്ചതു മുതല്‍ സൗദി അറേബ്യ തയ്യാറെടുപ്പു തുടങ്ങിയിരുന്നു. ആതിഥേയരെ തെരഞ്ഞെടുക്കുന്ന മൂല്യ നിര്‍ണയത്തില്‍ 500ല്‍ 419 എന്ന സ്‌കോറാണ് സൗദി നേടിയത്. ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ ആണിത്.

ഫുട്‌ബോള്‍ മേളയിലെത്തുന്നവര്‍ക്ക് സൗദിയുടെ സാംസ്‌കാരിക വൈവിധ്യം, പ്രകൃതി സൗന്ദര്യം, സമ്പത്‌സമൃദ്ധമായ പൈത്യകം എന്നിവയെല്ലാം ആസ്വദിക്കാന്‍ കഴിയുന്ന വിധം വിപുലമായ സൗകര്യങ്ങളാണ് തയ്യാറാക്കുന്നത്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് താമസിക്കാന്‍ മാത്രം 2.3 ലക്ഷം മുറികളാണ് സജ്ജമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നഗര ഉദ്യാനം റിയാദിലെ കിംഗ് സല്‍മാന്‍ പാര്‍ക്ക് മുതല്‍ നിയോമിലെ സമുദ്ര തീരം വരെ ഫുട്‌ബോള്‍ അനുബന്ധ ആഘോഷമൊരുക്കും. ഇതിനുളള മാസ്റ്റര്‍ പ്ലാനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 വിഭാവന ചെയ്ത പദ്ധതികള്‍ ഫലപ്രദമാണെന്നു രാജ്യത്തെ ഓരോ സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. 2030 വേള്‍ഡ് എക്‌സ്‌പോ, 2034 ഫിഫ കപ്പ് എന്നിവയെ വരവേല്‍ക്കാന്‍ ന്യൂ മുറബ്ബ ഡൗണ്‍ ടൗണ്‍, കിംഗ് സല്‍മാന്‍ പാര്‍ക്ക്, ഖിദ്ദിയ്യ വിനോദ നഗരം, സ്‌പോര്‍ട്‌സ് ബോളിവാഡ്, റിയാദ് ഗ്രീന്‍ തുടങ്ങി അഞ്ച് മെഗാ പ്രൊജക്ടുകളാണ് പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വികസനവും സാംസ്‌കാരിക മുന്നേറ്റവുമാണ് ഫിഫ കപ്പ് ഒരുക്കങ്ങള്‍ സമ്മാനിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top