റിയാദ്: മാധ്യമ പ്രവര്‍ത്തകരുടെ പ്രീതി നേടാന്‍ പോലീസും പോലീസിന്റെ സേവകരാവാന്‍ മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കരുതെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പൊലീസും പത്രക്കാരും തെരുവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ജീവിതം പൊലീസ് സേനയിലായിരുന്നെങ്കിലും കുടുംബത്തില്‍ ധാരാളം മാധ്യമപ്രവര്‍ത്തകരുണ്ട്. ചെറുപ്പം മുതല്‍ അവരോടൊത്തുളള ജീവിതം തന്നെയും ഒരു പത്രപ്രവര്‍ത്തകനാക്കിയെന്നു 38 വര്‍ഷം സര്‍വീസില്‍ ഉണ്ടായിരുന്ന ജേക്കബ് പുന്നൂസ് പറഞ്ഞു. ഗ്ലോബല്‍ മലയാളി മീഡിയ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തു പ്രതികളെ കൊണ്ടുപോകുന്ന പൊലീസ് വാഹനം മാധ്യമ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നത് ശരിയായ രീതിയല്ല. അതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. സര്‍വീസ് കാലത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വിഷയവും മാധ്യമ പ്രവര്‍ത്തകര്‍ വ്യത്യസ്ത വീക്ഷണത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തു നടക്കുന്ന മുഴുവന്‍ കാര്യങ്ങളും പ്രേക്ഷകരില്‍ എത്തിക്കുക നിസ്സാര കാര്യമല്ല. മാധ്യമ പ്രവര്‍ത്തനം വില മതിക്കാനാവാത്തതാണ്. സമൂഹത്തിന് ആവശ്യമുള്ള പ്രവര്‍ത്തനവുമാണ് മാധ്യമലോകം കാഴ്ച്ച വെക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റ സമ്പത് വ്യവസ്ഥയില്‍ സ്തുത്യര്‍ഹമായ പങ്കാണ് കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ നിര്‍വഹിക്കുന്നത്. സംശയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തി അവരെ മാറ്റിനിര്‍ത്തരുത്. അതിനോട് യോചിക്കാന്‍ കഴിയില്ല. കോവിഡ് മഹാമാരി കേരളത്തിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുളളത്. സാമ്പത്തിക ആഘാതങ്ങള്‍ വരും നാളുകളില്‍ കൂടി വരും. സാംസ്‌കാരിക രംഗം പിന്നോട്ടു പോയി. കല, സാഹിത്യം, എഴുത്ത്, നാടകം, സിനിമ തുടങ്ങിയവ തളര്‍ച്ചയിലാണ്. ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും അവരുടെ ദൈനം ദിന ചുറ്റുപാടുകളും ചര്‍ച്ച ചെയ്യാതെ പോകരുത്. ഡിജിറ്റല്‍ വിദ്യാഭ്യാസം സമഗ്രമായ വ്യക്തിത്വ വികസനത്തിനുതകുന്ന വിദ്യാഭ്യാസമായി കരുതാന്‍ കഴിയില്ല. ആധ്യാത്മികത കേരളത്തിന്റെ അവിഭാജ്യ ഘടകമാണ്. മനുഷ്യന്‍ അവന്റെ സംസ്‌കാരം കൊണ്ടാണ് മനുഷ്യനാകുന്നത്. ഈ ദുരവസ്ഥ മനസ്സിലാക്കി പ്രതികരിക്കണം. സാംസ്‌കാരിക വളര്‍ച്ചക്ക് എന്തു ചെയ്യാന്‍ കഴിയുന്നെ് മാധ്യമ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യണം.
പരിപാടിയില്‍ ജോര്‍ജ് കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. എയ്ഞ്ചല്‍ പി ഏലിയാസ് മോഡറേറ്റര്‍ ആയിരുന്നു. ജോര്‍ജ് കാക്കനാട്ട് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. രാജീവ് മേനോന്‍ സ്വാഗതവും ഉബൈദ് എടവണ്ണ നന്ദിയും പറഞ്ഞു. ലോകത്തിലെ വിവിധ ഭാഗങ്ങളിലുളള മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.