റിയാദ്: ജീവപരിണാമത്തിന്റെ പ്രവാഹ ഗതിയില്‍ മനുഷ്യ സമൂഹത്തിന് കൈവരിക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ നന്മയാണ് മഹാത്മാ ഗാന്ധിയെന്ന് ഗ്രന്ഥകാരനും പ്രഭാഷകനുമായ പി ഹരീന്ദ്രനാഥ്. നമ്മുടെ രാജ്യത്തു കാണുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ഗാന്ധി ദര്‍ശനം പരിഹാരമല്ല. ഗാന്ധിസത്തിന് തെറ്റുകളും വീഴ്ചകളും പാളിച്ചകളുമുണ്ട്. ഗാന്ധി ഒരു ദൈവമല്ല. സാധാരണ മനുഷ്യനാണ്.
എന്നാല്‍ സങ്കീര്‍ണ സാഹചര്യങ്ങളില്‍ ഗാന്ധിയന്‍ ദര്‍ശനം തെളിച്ചവും വെളിച്ചവുമാണ്. ഒരു ബദല്‍ ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യത്തില്‍ ഗാന്ധിയെ കയ്യൊഴിയുകയും ബദല്‍ പിന്തുടരുകയും വേണം. റിയാദ് ഒഐസിസി സംഘടിപ്പിച്ച ‘ഗാന്ധിസം സമകാലികം’ എന്ന വിഷയം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യം നിലനില്‍ക്കണം. വരും തലമുറക്കു സമാധാനത്തോടെ ജീവിക്കാന്‍ കഴിയണം. അതുകൊണ്ടുതന്നെ ഏറ്റവും വലുത് നമ്മുടെ രാജ്യമാണ്. ഇപ്പോഴത്തെ തലമുറ അപ്രത്യക്ഷമാകുന്ന കാലത്ത് നമ്മുടെ പിന്‍മുറക്കാരാണ് രാജ്യത്ത് ജീവിക്കേണ്ടത്. ഭാവി തലമുറയിലെ ഹിന്ദുക്കളും മുസ്‌ലിംകളും കുത്തിമരിക്കുകയല്ല വേണ്ടത്.
ഈ സാഹചര്യമാണ് ഗാന്ധിയുടെ മത ദര്‍ശനങ്ങളും ജീവിത വീക്ഷണങ്ങളും മതേതര കാഴ്ചപ്പാടുകളും സമകാലിക ലോകത്ത് ശ്രദ്ധേയമാകുന്നത്. ‘ഇന്ത്യ: ഇരുളും വെളിച്ചവും’, ‘മഹാത്മാ ഗാന്ധി: കാലവും കര്‍മ്മപര്‍വ്വവും’ തുടങ്ങി ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ മുഹമ്മദലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. നവാസ് വെളളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു. ‘മഹാത്മാ ഗാന്ധി: കാലവും കര്‍മ്മപര്‍വ്വവും’ ഗ്രന്ഥപരിചയം നൗഫല്‍ പാലക്കാടന്‍ നിര്‍വഹിച്ചു. ഫൈസല്‍ ബാഹസന്‍ പി ഹരീന്ദ്രനാഥിനെ പൊന്നാട അണിഞ്ഞ് ആദരിച്ചു. റഷീദ് കൊളത്തറ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നാദിര്‍ഷാ റഹ്മാന്‍ സ്വാഗതവും അബ്ദുല്‍ കരിം കൊടുവളളി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.