റിയാദ്: സൗദിയിലെ മക്കയില്‍ പുതിയ സ്വര്‍ണ ഖനികള്‍ കണ്ടെത്തി. നിലവിലുള്ള മന്‍സൂറ, മസാറ സ്വര്‍ണ ഖനികളോട് ചേര്‍ന്നാണ് സുപ്രധാന സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയത്. സൗദി മൈനിംഗ് കമ്പനി (മആദിന്‍) ആണ് ഇക്കാര്യം അറിയിച്ചത്. 2022ല്‍ ആരംഭിച്ച കമ്പനിയുടെ പര്യവേക്ഷണത്തില്‍ ആദ്യത്തെ കണ്ടെത്തലാണിത്. മന്‍സൂറക്കും മസാറക്കും ചുറ്റും കമ്പനിയുടെ പര്യവേക്ഷണം തുടരുകയാണ്. അല്‍ഉറുഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മന്‍സൂറ, മസാറ ഖനികള്‍ക്ക് തെക്ക് 100 കിലോമീറ്റര്‍ നീളത്തിലും കമ്പനി പര്യവേക്ഷണം നടത്തി.
125 കിലോമീറ്റര്‍ നീളത്തില്‍ നിക്ഷേപമുണ്ട്. ഇതോടെ സൗദി അറേബ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രധാന സ്വര്‍ണ വലയമായി ഈ പ്രദേശം മാറും. ഭൂഗര്‍ഭ വികസനത്തിലൂടെ ഖനിയുടെ ആയുസ്സ് നീട്ടാനാകും. 2023 അവസാനത്തോടെ മന്‍സൂറയിലെയും മസാറയിലെയും സ്വര്‍ണ വിഭവങ്ങളുടെ അളവ് ഏകദേശം 70 ലക്ഷം ഔണ്‍സ് ആണ്. പ്രതിവര്‍ഷം രണ്ടര ലക്ഷം ഔണ്‍സ് ആണ് ഉത്പാദന ശേഷി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ ഖനന പദ്ധതികളില്‍ ഒന്നാണിത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.