റിയാദ്: ഉപരി പഠനാര്‍ത്ഥം അമേരിക്കയിലേക്ക് പോകുന്ന അബ്ദുല്‍ ഫതാഹ് നൂറാനിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി. ന്യൂ യോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഫെലോഷിപ്പ് നേടാനാണ് റിയാദ് ഐ സി എഫ് രിസാലത്തുല്‍ ഇസ്ലാം മദ്‌റസ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഫതാഹ് നൂറാനി പോകുന്നത്.
പഠനത്തിനാവശ്യമായ മുഴുവന്‍ ചെലവും മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് വഹിക്കും. ഇന്ത്യയിലെ എംഫില്ലിനു സമാനമാണിത്. ‘പാരമ്പര്യ മുസ്ലിം പരിസരത്ത് നിന്നുള്ള പ്രവാസികളുടെ മത ജീവിതങ്ങളും കൂട്ടായ്മകളും’ എന്ന വിഷയത്തിലാണ് ഫെലോഷിപ്പ്.
ഐസിഎഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി മൊമെന്റോ സമ്മാനിച്ചു. ഫിനാന്‍സ് സെക്രട്ടറി ശമീര്‍ രണ്ടത്താണി അനുമോദന പ്രഭാഷണം നടത്തി. സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍, പ്രസിഡന്റ് ലത്തീഫ് മിസ്ബാഹി, വിദ്യാഭ്യാസ പ്രസിഡന്റ് ഇസ്മായില്‍ സഅദി, പ്രൊവിന്‍സ് ദഅവ സെക്രട്ടറി മുജീബുറഹ്മാന്‍ കാലടി എന്നിവര്‍ സന്നിഹിതരായിരുന്നു. ഐസിഎഫ് റിയാദ് സെന്‍ട്രല്‍ ദഅവ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ബദിയയുടെയും സെന്‍ട്രല്‍ പ്രൊവിന്‍സ് ഹാദിയ റഈസ സൈനബയുടെയും മകനാണ് ഫതാഹ് നൂറാനി. മലപ്പുറം ജില്ലയിലെ ചേളാരി സ്വദേശിയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.