Sauditimesonline

SaudiTimes

ശ്രീരാം വെങ്കിട്ടരാമനെ തിരിച്ചെടുത്തത് അനീതി: ഐ സി എഫ് റിയാദ്

റിയാദ്: മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം യൂനിറ്റ് മേധാവിയുമായിരുന്ന കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് അപായപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി നീതീകരിക്കാന്‍ കഴിയില്ലെന്ന് ഐ സി എഫ് സൗദി സെന്‍ട്രല്‍ പ്രൊവിന്‍സ് കാബിനറ്റ്. ഇതു നിയമ സംവിധാനങ്ങളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും ഐ സി എഫ് കുറ്റപ്പെടുത്തി.

നിയമ ബോധമുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ രാജ്യത്തോടും ജനങ്ങളോടും പ്രകടിപ്പിക്കേണ്ട പ്രതിബദ്ധതക്ക് പകരം തുല്യതയില്ലാത്ത നീതികേടുകള്‍ക്ക് നെടുനായകത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി ഗുരുതര വീഴ്ചയാണ്. മദ്യപിച്ചു വാഹനം ഓടിച്ചു ഒരാളെ കൊലപ്പെടുത്തിയ ആള്‍ക്ക് നിര്‍ണ്ണായകമായ ഉത്തരവാദിത്തം നല്‍കുന്നതിന്റെ പിന്നിലെ ഗൂഡ ലക്ഷ്യങ്ങള്‍ തിരിച്ചറിയണം. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി മഹാമാരിയെ ഒത്തൊരുമിച്ചു നേരിടുന്ന ഘട്ടത്തില്‍ മദ്യപിച്ചു ലക്കുകെട്ട് നടുറോഡില്‍ നിരപരാധിയുടെ ജീവനെടുത്ത ആളുടെ കയ്യില്‍ ജനങ്ങളുടെ ജീവപരിപാലനം ഏല്‍പ്പിച്ചു കൊടുക്കുന്നത് വിശ്വാസ വഞ്ചനയാണ്. അന്വേഷണത്തോട് സഹകരിക്കാനോ രക്തസാമ്പിള്‍ നല്‍കാനോ തയ്യാറാകാത്ത ഒരാള്‍ക്ക് ജനങ്ങളെ ഉപദേശിക്കാനും നിയമങ്ങള്‍ പാലിക്കണമെന്നു ആവശ്യപ്പെടാനുമുളള ധാര്‍മ്മിക അവകാശമില്ല. കെ എം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പോലീസ്, ഉദ്യോഗസ്ഥ ഒത്തുകളിയുടെ ഏറ്റവും പ്രകടമായ തെളിവാണ് ഇപ്പോഴത്തെ നിയമനമെന്നും ഐ സി എഫ് ആരോപിച്ചു.

വീഴ്ചകള്‍ പുനപരിശോധിച്ചു കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണം. കടുത്ത അനീതിക്ക് കൂട്ടുനിന്ന മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഹീം കോട്ടക്കല്‍ സ്വാഗതവും ഫൈസല്‍ മമ്പാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top