
റിയാദ്: ഇന്ത്യ-സൗദി വിമാന സര്‍വീസ് സംബന്ധിച്ച് വീണ്ടും പ്രതീക്ഷ പകരുന്ന പ്രഖ്യാപനം. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ആണ് ജസാനില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രതീക്ഷ പങ്കുവെച്ചത്. സൗദി അധികൃതരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. വിമാനയാത്രാ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാം് എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതെന്നും അംബാസഡര്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. സൗദിയിലെത്തേണ്ടവര്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈ പൂര്‍ത്തിയാക്കിയാണ് സൗദിയിലെത്തുന്നത്. മാലിദ്വീപ് ഉള്‍പ്പെടെ പല രാജ്യങ്ങള്‍ വഴി സൗദിയിലേക്ക് പുറപ്പെട്ടവരെ ഏജന്റുമാര്‍ കബളിപ്പിക്കുന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്കെങ്കിലും സൗദിയില്‍ നേരിട്ടെത്താന്‍ അവസരം ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
അതിനിടെ, ഖത്തര്‍ വഴി സൗദിയിലെത്താന്‍ തയ്യാറെടുത്തവര്‍ക്ക് തിരിച്ചടി. ഇന്ത്യയില്‍ നിന്ന് ഖത്തറിലെത്തിയാല്‍ 10 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതോടെ നിരവധി മലയാളികളുടെ യാത്ര മുടങ്ങി. ഡിസ്‌കവര്‍ ഖത്തര്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു വേണം ക്വാറന്റൈന് ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്. ഇതിന് കഴിയാതെ വന്നതോടെ ഇന്നലെയും ഇന്നുമായി ഖത്തറിലേക്ക് പുറപ്പെടാന്‍ ടിക്കറ്റെടുത്തവര്‍ നിരാശരായി. മാത്രമല്ല, റീഫണ്ട് ഇല്ലാത്ത വിമാന ടിക്കറ്റെടുത്തവര്‍ക്ക് പണവും നഷ്ടമായി. മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ ഖത്തര്‍ വഴി സൗദിയിലെത്താമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെങ്കിലും പുതിയ നിബന്ധനകള്‍ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
