മാനവിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കണം. സി മുഹമ്മദ് ഫൈസി

റിയാദ്: മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിച്ചുള്ള ജീവിതം നയിക്കാനുളള അവസരമാണ് റമദാന്‍ വ്രതമെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനും മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ഡയറക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസി. സമ്പത്തികമായും ശാരീരികമായും മാനസികമായും കൂടുതല്‍ വിശുദ്ധി സാധ്യമാക്കാനുള്ള അവസരംകൂടിയാം് റമദാനെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് റിയാദ് കമ്മറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താറില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ മര്‍കസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന മനുഷ്യത്വത്തിന് മികച്ച ഉദാഹാരണങ്ങളാണ്. കഴിഞ്ഞു പോയ നാളുകളില്‍ മര്‍കസ് നടത്തിയ സാംസ്‌കാരിക വിപ്ലവത്തിന്റെ അനുഗുണങ്ങള്‍ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകത്താകമാനം ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

മര്‍കസ് നടത്തുന്ന ജീവ കാരുണ്യ, സേവന പ്രവര്‍ത്തനങ്ങളെ മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മര്‍സൂഖ് സഅദി സദസ്സിനു പരിചയപ്പെടുത്തി. അല്‍ ഫാരിസ് വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഡോ. അബ്ദുല്‍ അസീസ് (നാഷണല്‍ ഗാര്‍ഡ്), സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഐസിഎഫ്, ആര്‍എസ്‌സി നേതാക്കള്‍ക്കു പുറമെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.

മര്‍ക്കസ് റിയാദ് പിആര്‍ഒമാരായ മൂസ സഖാഫി ചുള്ളിക്കോട്, ഹസൈനാര്‍ ഹാറൂണി എന്നിവരെ ചടങ്ങില്‍ സി മുഹമ്മദ് ഫൈസി ആദരിച്ചു. റിയാദ് മര്‍കസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫസല്‍ കുട്ടശ്ശേരി സ്വാഗതവും അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.

 

Leave a Reply