സൗദി മോഡലിനെ തളളി മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍

റിയാദ്: സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴസ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച മോഡലിനെ തളളി മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍. സോഷ്യല്‍ മീഡിയയില്‍ റൂമി അല്‍ഖഹ്താനിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് ചിത്രം പോസ്റ്റ് ചെയ്തത്.

ഇത് വൈറലായതിന് പിന്നാലെയാണ് റൂമിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമാക്കി സംഘാടകരുടെ പ്രസ്താവന. (പ്രസ്താവനയുടെ പൂര്‍ണ രൂപം വായിയ്ക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക  https://www.missuniverse.com/press-release-0424)

മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന അടിക്കുറിപ്പോടെ സൗദി പതാകയേന്തി മിസ് യൂണിവേഴ്‌സ് റിബണ്‍ ധരിച്ച ഫോട്ടോയോടൊപ്പം റൂമി എക്‌സില്‍ കുറിച്ച പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. കിരീടത്തിനായി മത്സരിക്കുന്ന പ്രഥമ സൗദി വനിതയായിരിക്കുമെന്ന വിശേഷണം കൂടി ലഭിച്ചതോടെ അന്താരാഷ്ട്ര മാധ്യമങ്ങളും റൂമിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായ നടപടിക്രമങ്ങളും ഉണ്ടെന്ന് മിസ് യൂണിവേഴ്‌സ് സംഘാടകര്‍ പറഞ്ഞു. പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നതില്‍ നീതിയും സുതാര്യതയും ഉറപ്പുവരുത്തും. ഈ വര്‍ഷം മെക്‌സിക്കോയില്‍ നടക്കുന്ന മത്സരത്തില്‍ നൂറിലധികം രാജ്യങ്ങള്‍ പങ്കെടുക്കും. അതില്‍ സൗദി അറേബ്യ ഉള്‍പ്പെട്ടിട്ടില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.

അതേസമയം, ഈ വര്‍ഷം മിസ് യൂണിവേഴസ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് സൗദി അറേബ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഒരു മത്സരാര്‍ഥിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ തുടരുകയാണ്. ഇത് അന്തിമമായി അപ്രൂവല്‍ കമ്മറ്റി സ്ഥിരീകരിക്കുന്നതുവരെ മിസ് യൂണിവേഴസ് മത്സരത്തില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയ്ക്ക് അവസരം ഉണ്ടാവില്ലെന്നും സംഘാടകര്‍ അറിയിച്ചു.

Leave a Reply