റിയാദ്: കാല്‍ നൂറ്റാണ്ട് നാടുകാണാതെ വീട്ടുജോലി ചെയ്ത ഇന്ത്യക്കാരി നാടണഞ്ഞു. മുംബൈ സ്വദേശിനി ഹാജറാബി ഹബീബ് റഹ്മാന്‍ (60) ആണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും മലയാളി സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലാണ് കാത്തിരിപ്പിനൊടുവില്‍ മടക്കയാത്രയ്ക്കും വഴി ഒരുക്കിയത്.
മുപ്പത്തിയാറാം വയസില്‍ 2000ത്തിലാണ് ജീവിത പ്രാരാപ്തങ്ങള്‍ പേറി ഹാജറാബി ഗദ്ദാമ വിസയില്‍ റിയാദിലെത്തിയത്. എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടികൊണ്ട് പോയ സ്വദേശിയുടെ വീട്ടില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തു. ദുരിതങ്ങള്‍ സഹിക്കാനാവാതെ അവിടെ നിന്നിറങ്ങി. പിന്നീട് പ്രസവ ശുശ്രൂഷ ജോലികള്‍ ചെയ്തു. 24 വര്‍ഷം സൗദിയില്‍ കഴിഞ്ഞെങ്കിലും ഇഖാമ ഉണ്ടായിരുന്നില്ല.
2000 റിയാദിലെത്തിയെങ്കിലും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ ഹാജറാബിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. കൈവശമുളള പാസ്‌പോര്‍ട്ടില്‍ റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതിന്റെ രേഖയും എന്‍ട്രി നമ്പരും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. വീസ തട്ടിപ്പിനിരയായതാവാം എന്നാണ് അനുമാനം.
നാല് മക്കളുള്ള ഹാജറാബിയുടെ ഇളയ മകള്‍ക്ക് പത്ത് വയസ്സുള്ളപ്പോഴാണ് റിയാദിലെത്തിയത്. 2015ല്‍ ഭര്‍ത്താവ് മരിച്ചു. പത്തു മാസം മുമ്പ ശാരീരിക അവശതകളെ തുടര്‍ന്ന് കിടപ്പിലായി. സഹായിക്കാന്‍ ആളില്ലാതായതോടെ നാട്ടില്‍ നിന്ന് മകനെ റിയാദിലെത്തിച്ചു. തല്‍ക്കാലം പരിഹാരം കണ്ടെത്തിയെങ്കിലും രേഖകളില്ലാതെ തുടര്‍ ചികിത്സയും നാട്ടിലേക്കുളള മടക്കവും വഴിമുട്ടി.
നാല് മാസം മുന്‍പ് റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ നിഹ്മത്തുള്ള, അസ്‌ലം പാലത്ത് എന്നിവരുടെ സഹായം തേടി. ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തെ വിവരം ധരിപ്പിച്ച് രേഖകള്‍ ശരിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടി. റിയാദ് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സിലര്‍ മോയിന്‍ അക്തര്‍, ഹൗസ് മെയ്ഡ് ആന്റ് ജയില്‍ അറ്റാഷെ രാജീവ് സിക്രി, സെക്കന്റ് സെക്രട്ടറി മീന, ഷറഫുദ്ദീന്‍, നസീം, ഖാലിദ് എന്നിവരുടെ ഇടപെടലുകളാണ് ഹാജറാബിയുടെ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.