Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

ഉടുതുണിക്ക് മറുതുണിയില്ലാതെ വലച്ചു; അകാശ എയര്‍ മലയാളിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

റിയാദ്: മകന്റെ ഐ.ഐ.ടി ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ റിയാദില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ ലഗേജ് വൈകിയതിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. അകാശ എയര്‍ലൈന്‍സിന്റെ വീഴ്ചയെ തുടര്‍ന്ന് അടിയന്തര സാധനങ്ങള്‍ വാങ്ങാന്‍ ചിലവായ തുക 15,000 രൂപ, മാനസിക വിഷമം ഉണ്ടാക്കിയതിനുള്ള നഷ്ടപരിഹാരം 20,000 രൂപ, കോടതിച്ചെലവ് 10,000 രൂപ എന്നിവ ഉള്‍പ്പെടെ 45,000 രൂപ പരാതിക്കാരന് നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. റിയാദില്‍ എഞ്ചിനീയറായ തലശ്ശേരി വീനസ് റോഡ് സ്വര്‍ണ്ണ വില്ലയില്‍ ഹസീബ് മുഹമ്മദിന്റെ പരാതിയിലാണ് കമ്മീഷന്‍ പ്രസിഡന്റ് രവി സൂഷ, അംഗങ്ങളായ മോളിക്യൂട്ടി മാത്യു, സജീഷ് കെ.പി. എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന വിധി.

റിയാദില്‍ നിന്നു മുംബൈ വഴി ഗുവാഹത്തിയിലേക്ക് അകാശ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു ഹസീബിന്റെ യാത്ര. മകന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തതിനുശേഷം പത്‌നിയോടൊപ്പം ഭൂട്ടാനിലേക്ക് വിനോദയാത്രയും നിശ്ചയിച്ചിരുന്നു. വസ്ത്രങ്ങള്‍, ഷൂസ്, കോണ്‍ടാക്ട് ലെന്‍സ് തുടങ്ങിയ അത്യാവശ്യ വ്യക്തിഗത സാധനങ്ങളെല്ലാം അടങ്ങിയ ലഗേജ് റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനക്കമ്പനിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ മുംബൈയില്‍ എത്തിയപ്പോള്‍ ലഗേജ് ബെല്‍റ്റില്‍ ബാഗ് വന്നില്ല. വിമാനക്കമ്പനിയുടെ ഹെല്‍പ്പ് ഡെസ്‌കില്‍ പരാതി നല്‍കിയപ്പോഴാണ് ബാഗേജ് വിമാനത്തില്‍ വന്നിട്ടില്ലെന്ന വിവരം അറിയുന്നത്.
അവസാനം 60 മണിക്കൂറിലധികം വൈകി ഭൂട്ടാന്‍ യാത്ര തിരിക്കേണ്ട ദിവസമാണ് ബാഗ്-ഡോഗ്ര എയര്‍പോര്‍ട്ടില്‍ ബാഗ് എത്തിയത്. ലഗേജ് ലഭിക്കാതിരുന്നതോടെ വസ്ത്രങ്ങളും അവശ്യ സാധനങ്ങളും അടിയന്തരമായി പുറത്തുനിന്ന് വാങ്ങേണ്ടി. ഇതിനായി ഏകദേശം 15,000 രൂപ ചിലവായി. മകന്റെ ജീവിതത്തിലെ വലിയൊരു നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ കുടുംബത്തിന് വിമാനക്കമ്പനിയുടെ അനാസ്ഥ വലിയ മാനസിക വിഷമവും സാമ്പത്തിക നഷ്ടവുമാണ് വരുത്തിയത്.

ഇതേത്തുടര്‍ന്ന് വിമാനക്കമ്പനിയുടെ സി.ഇ.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹസീബ് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല. ഇതോടെയാണ് കണ്ണൂര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കോടതി നോട്ടീസ് അയച്ചിട്ടും നിശ്ചിത സമയത്തിനകം വിമാനക്കമ്പനി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ‘എക്‌സ്പാര്‍ട്ടി’ വിധി പുറപ്പെടുവിക്കുകയായിരുന്നു. പിന്നീട് കമ്പനി കക്ഷിചേരാന്‍ അപേക്ഷ നല്‍കിയെങ്കിലും പരാതിക്കാരന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി അപേക്ഷ തള്ളി. ഹസീബ് സമര്‍പ്പിച്ച വിമാന ടിക്കറ്റ്, ബോര്‍ഡിംഗ് പാസ്, ഹോട്ടല്‍ ബില്ലുകള്‍, വസ്ത്രങ്ങള്‍ വാങ്ങിയ ബില്ലുകള്‍, ഭൂട്ടാന്‍ യാത്രാ രേഖകള്‍ എന്നിവ പരിശോധിച്ച കോടതി, വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ സേവന വീഴ്ചയും ചൂഷണവും ഉണ്ടായതായി കണ്ടെത്തി. ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം തുക പരാതിക്കാരന് നല്‍കണം. വീഴ്ച വരുത്തിയാല്‍ 15,000 രൂപയ്ക്ക് വിധി വന്ന ദിവസം മുതല്‍ തുക ഈടാക്കുന്നത് വരെ 9 ശതമാനം വാര്‍ഷിക പലിശയും നല്‍കണം. പരാതിക്കാരന് വേണ്ടി അഡ്വ. ദിലീഷ് കുമാര്‍ പി. ഹാജരായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top