Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

പ്രവാസത്തിനിടയിലെ അകാല വേര്‍പാടുകള്‍

റിയാദ് ബത്ഹയില്‍ കഴിഞ്ഞ ആഴ്ച രണ്ട് മലയാളി യുവാക്കള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇരുവരും നാല്പത് വയസിനടുത്തു പ്രായമുളളവരാണ്. ജിസിസി രാഷ്ട്രങ്ങളില്‍ ഒരു ദിവസം 36 ഇന്ത്യക്കാര്‍ മരിക്കുന്നുണ്ടെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്ക്. സംസ്ഥാനം തിരിച്ചുളള കണക്ക് ലഭ്യമല്ലെങ്കിലും ജിസിസിയില്‍ തൊഴിലെടുക്കുന്ന മലയാളികളുടെ എണ്ണം പരിശോധിച്ചാല്‍ മരിക്കുന്നവരില്‍ മലയാളികളാകും എണ്ണത്തില്‍ കൂടുതല്‍. ഇവരിലേറെയും ഹൃദയാഘാതത്തിന്റെ പിടിയിലമര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരാണ്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 ജനുവരി മുതല്‍ ജൂണ്‍ വരെ ഗള്‍ഫ് നാടുകളില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 6,648 ആണ്. ഇതേകാലയളവില്‍ സൗദി അറേബ്യയില്‍ 2,687 ഇന്ത്യക്കാരാണ് മരിച്ചത്. ഇതില്‍ 299 പേര്‍ അപകടങ്ങളിലാണ് മരിച്ചത്. ബാക്കി 2,388 പേരും സ്വാഭാവിക മരണം സംഭവിച്ചതാണ്. ഇവരിലേറെയും ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയെ തുടര്‍ന്നാണ് മരിച്ചത്.

2024ലെ ആദ്യ പകുതിയില്‍ യുഎഇയില്‍ 107 അപകട മരണം ഉള്‍പ്പെടെ 2,023 ഇന്ത്യക്കാരാണ് മരിച്ചത്. കുവൈത്തില്‍ 675 ഇന്ത്യക്കാര്‍ മരിച്ചു. ഇതില്‍ 91 അപകട മരണങ്ങളും ബാക്കി 584 സ്വഭാവിക മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഒമാനില്‍ മരിച്ച 508 ഇന്ത്യക്കാരില്‍ 83 പേര്‍ അപകടത്തിലാണ് മരിച്ചത്. ഖത്തറില്‍ 339 പേര്‍ മരിച്ചതില്‍ 43 പേരുടേതാണ് അപകട മരണം. ബഹ്‌റൈന്‍ 309 ഇന്ത്യക്കാര്‍ മരിച്ചതില്‍ 24 പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്.

വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട 2024ലെ കണക്കു പ്രകാരം ജിസിസി രാഷ്ട്രങ്ങളില്‍ ദിവസം ശരാശരി 36 പേരാണ് മരിക്കുന്നത്. മാസം ശരാശരി 1,108 പേര്‍. അപകടത്തില്‍ മരിക്കുന്നവരുടെ ശരാശരി എണ്ണം മാസം 3.59 എന്നും കണക്കാക്കുന്നു.

ഗള്‍ഫ് നാടുകളിലെ ഇന്ത്യക്കാരുടെ മരണ നിരക്ക് ഗൗരവമുളളതാണ്. മരണത്തിന് കീഴടങ്ങുന്നവരിലേറെയും 40നും 50നും ഇടയില്‍ പ്രായമുളളവരും. മരിക്കുന്നവരില്‍ നല്ലൊരു ശതമാനം മലയാളികളാണ് എന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ജീവിത ശൈലിയും ഭക്ഷ്യ വിഭവങ്ങളുടെ ഉപഭോഗവും ആരോഗ്യകരമായിരിക്കണം എന്നതിന്റെ പ്രസക്തി ഏറുന്നത്.

സൗദിയില്‍ മാസം ശരാശരി ഒരു ഇന്ത്യക്കാരനെങ്കിലും പക്ഷാഘാതത്തിന് ചികിത്സ തേടുന്നുണ്ട്. ഗുരുതരമായി പക്ഷാഘാതം പിടിപെട്ട് മാസങ്ങളോളം ചികിത്സയില്‍ കഴിയുന്നവരുമുണ്ട്. ഗള്‍ഫിലെ അഞ്ച് മലയാളികളില്‍ നാലുപേര്‍ പ്രമേഹമുളളവരായി മാറിയിരിക്കുന്നു. കൊളൊസ്‌ട്രോള്‍, ഫാറ്റി ലിവര്‍ എന്നിവയ്ക്കു ചികിത്സ തേടുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

ജീവിത ശൈലിയില്‍ മാറ്റം വരുത്തണമെന്നു ബോധവത്ക്കരണം നടക്കുന്നുണ്ടെങ്കിലും ഫലം കുറവാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന പുതിയ നിയമങ്ങള്‍ ശ്രദ്ധേയമാകുന്നത്. സൗദിയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങളുടെ ഉപ്പും മുളകും ഉള്‍പ്പെടെ മുഴുവന്‍ ചേരുവകളും വെളിപ്പെടുത്തണം എന്നാണ് പുതിയ ചട്ടം. മാത്രമല്ല, ഓരോ വിഭവത്തിലും എത്ര കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കണം. ആരോഗ്യ കരമായ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് നടപ്പിലാക്കുന്നത്.

റസ്‌റ്റോറന്റുകളും ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകളും ഭക്ഷ്യ വിഭവങ്ങളുടെ ചേരുവകള്‍ വെളിപ്പെടുത്തണമെന്നാണ് പുതിയ നിയമം. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ഓണ്‍ലൈന്‍ ഡെലിവറി തുടങ്ങി മുഴുവന്‍ സ്ഥാപനങ്ങളും വിത്പ്പനക്കു തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളുടെ ചേരുവകള്‍ വ്യക്തമാക്കണം. ഉപ്പ് കൂടുതല്‍ ഉപയോഗിക്കുന്ന വിഭവങ്ങള്‍ക്ക് നേരെ സാള്‍ട്ട് ഷേക്കര്‍ ചിഹ്നം പ്രദര്‍ശിപ്പിക്കണം. ചിക്കന്‍ ബ്രോസ്റ്റ് ഉള്‍പ്പെടെയുളള വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് കൂടുതല്‍ ഉപ്പ് ചേര്‍ക്കുക പതിവാണ്. ബഌഡ് പ്രഷറുളളവര്‍ ബ്രോസ്റ്റ് പരമാവധി കുറച്ച് ഉപയോഗിക്കണമെന്ന് പറയാനുളള കാരണം ഇതാണ്. പാനീയങ്ങളില്‍ കഫീന്‍ എത്രമാത്രം അടങ്ങിയിട്ടുണ്ടെന്നും രേഖപ്പെടുത്തണം. ഭക്ഷ്യവിഭവങ്ങളില്‍ അടങ്ങിയിട്ടുളള കലോറി മെനുവില്‍ വ്യക്തമാക്കണമെന്നും എസ്എഫ്ഡിഎ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഭക്ഷ്യ വിതരണ രംഗത്തു കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനും ആരോഗ്യ കരമായ ഭക്ഷണ രീതി നടപ്പിലാക്കാനുമുളള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമം.

പ്രമേഹമുളളവര്‍ ഭക്ഷണ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. കാര്‍ബോഹൈഡ്രേറ്റ് കുറവുളള മെഡിറ്ററേനിയന്‍ ഭക്ഷണ രീതിയാണ് പ്രമേഹമുളളവര്‍ ശീലിക്കേണ്ടത്. വയറു നിറയെ ചോറുതിന്നുക എന്നതാണ് മലയാളികളുടെ ശീലം. സദ്യയാണെങ്കിലും ബിരിയാനിയാണെങ്കിലും രണ്ടോ, മൂന്നോ തവണ കോരിയിട്ട് തിന്നെങ്കിലേ തൃപ്തിയാകൂ. ഇത്തരം ശീലം ഒഴിവാക്കണം. ഇതു ഒഴിവാക്കി കാര്‍ബോഹൈഡ്രേറ്റ് നാലില്‍ ഒന്നായി ചുരുക്കുന്ന ഭക്ഷണ ക്രമം ആണ് മെഡിറ്ററേനിയന്‍ ഭക്ഷണ രീതി.

ഭക്ഷ്യ വിഭവങ്ങളും ഭക്ഷ്യേതര ഉത്പ്പന്നങ്ങളും ഡോര്‍ ഡെലിവറി ചെയ്യുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാനും ഡെലിവറി പെര്‍മിറ്റും സൗദിയില്‍ നിര്‍ബന്ധമാക്കി. നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ബലദി പ്ലാറ്റ്‌ഫോം വഴിയാണ് പെര്‍മിറ്റ് നേടേണ്ടത്.

ജീവിത നിലവാരം മെച്ചപ്പെടുത്താനും ഹോം ഡെലിവറി രംഗത്തു സുരക്ഷ ഉറപ്പുവരുത്താനുമാണ് ശ്രമം. വിതരണം ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ആരോഗ്യ, സാങ്കേതിക വ്യവസ്ഥകള്‍ സുരക്ഷിതമാക്കാനും പെര്‍മിറ്റ് സഹായിക്കും. മാത്രമല്ല. അനധികൃത വിതരണക്കാരെ നിയന്ത്രിക്കാനും കഴിയും.

ഡെലിവറി തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാണ്. ഡെലിവറി വാഹനളില്‍ സ്ഥാപനത്തിന്റെ പേര്, വ്യാപാരമുദ്ര എന്നിവ പ്രദര്‍ശിപ്പിക്കുകയും വേണം. വിതരണം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ കേടുകൂടാതിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ വാഹനത്തില്‍ ഉണ്ടാവണമെന്ന വ്യവസ്ഥയും നിര്‍ബന്ധമാണ്.

സൗദി അറേബ്യയ്ക്കു ആവശ്യമായ ഭക്ഷ്യ വിഭവങ്ങളില്‍ എണ്‍പത് ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെത്തുന്ന ചേരുവകള്‍ ഉള്‍പ്പെടെയുളള വസ്തുക്കളുടെ ഗുണനിലവാരം കര്‍ശനമായി പരിശോധിച്ചതിന് ശേഷമാണ് ഇറക്കുമതിയ്ക്കു അനുമതി നല്‍കുന്നത്. ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്നു മാത്രമല്ല, ആരോഗ്യം നിലനിര്‍ത്താനും കായിക ക്ഷമത വര്‍ധിപ്പിക്കാനും സമയം കണ്ടെത്തുകയും വേണം. അല്ലെങ്കില്‍ ഗള്‍ഫിലെ പ്രവാസി മലയാളികളുടെ മരണനിരക്ക് ഇനിയും ഉയരുമെന്നകാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top