റിയാദ്: ഇന്ത്യന്‍ ഹജ് തീര്‍ഥാടക മദീനയിലേക്കുളള വിമാന യാത്രക്കിടെ റിയാദില്‍ മരിച്ചു. കല്‍ക്കത്തയില്‍ നിന്ന് മദീനയിലേക്കു പുറപ്പെട്ട ഫ്‌ളൈ അദീല്‍ വിമാനത്തില്‍ യാത്രചെയ്തിരുന്ന ബീഹാര്‍ ശൈഖ്പുര സ്വദേശി മുഅ്മിന ഖാത്തൂം (68) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തിര ലാന്റിംഗ് നടത്തി.
പ്രിന്‍സ് നൂറാ യൂനിവേഴ്‌സിറ്റിയിലെ കിംഗ് അബ്ദുല്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂര്‍ണ ആരോഗ്യവതിയായിരുന്ന മുഅ്മിനയ്ക്കു യാത്രക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും അടിയന്തിരി ചികിത്സ ആവശ്യമായി വന്നതോടെയാണ് വിമാനം റിയാദില്‍ ലാന്റ് ചെയ്തത് ആശുപത്രിയിലെത്തിച്ചത്.
ഭര്‍ത്താവ് മുഹമ്മദ് സദറുല്‍ ഹഖ്, മകന്‍ മുഹമ്മദ് മിറാജ് എന്നിവരും മുഅ്മിനയോടൊപ്പം റയാദില്‍ ഇറങ്ങി. ഹജ് തീര്‍ഥാടകരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ജിദ്ദയിലും മദീനയിലും മാത്രമാണ്. എന്നാല്‍ ഇവര്‍ക്ക് റിയാദില്‍ എന്‍ട്രി നമ്പര്‍ പാസ്‌പോര്‍ട്ടില്‍ പതിച്ച് സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് സഹായിച്ചു.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് റിയാദ് അല്‍റാജി മസ്ജിദില്‍ മയ്യിത്ത് നിസ്‌കരിച്ച് നസിം മഖ്ബറയില്‍ ഖബറടക്കുമെന്ന് ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.