
റിയാദ്: പ്രധാനമന്ത്രിയും ഉരുക്കു വനിത എന്ന വിശേഷണത്തിന് ഉടമയുമായ ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ബാലുകുട്ടന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. കെഎംസിസി നേതാവ് ഷാഫി മാസ്റ്റര്‍, അല്‍ ആലിയ സ്‌കൂള്‍ അധ്യാപകന്‍ ശങ്കര്‍ ദിവാകരന്‍, ഒഐസിസി ഗ്ലോബല്‍ അംഗവും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി കോര്‍ഡിനേറ്ററുമായ നൗഫല്‍ പാലകാടന്‍ എന്നിവര്‍ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.

ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര്യനിര്‍മാര്‍ജന ശ്രമങ്ങള്‍, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്‌കാരങ്ങളിലൂടെ രാജ്യശ്രദ്ധ നേടിയ മഹാനേതാവും മതേതരത്വത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പ്രതീകവുമായിരുന്നു ഇന്ദിരാഗാന്ധി എന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
1955ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായി ആരംഭിച്ച ഇന്ദിരാഗാന്ധി, പാര്‍ട്ടിയിലെ വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. 1966 മുതല്‍ 1977 വരെയും, 1980 മുതല്‍ മരണം വരെയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി. വിദേശകാര്യം, ആഭ്യന്തരം, ബഹിരാകാശം, ആണവോര്‍ജ്ജ വകുപ്പുകള്‍ ഉള്‍പ്പെടെ നിരവധി മന്ത്രിസ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ പരിണതഫലമായി സിഖ് വംശജരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 1984 ഒക്ടോബര്‍ 31ന് അവര്‍ രക്തസാക്ഷിതയായി. ആയിരം വര്‍ഷങ്ങളിലെ ശ്രേഷ്ഠ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. അമീര്‍ പട്ടണം ആമുഖപ്രസംഗം നിര്‍വഹിച്ചു. ഒഐസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സക്കിര്‍ ദാനത് നന്ദിയും പറഞ്ഞു.





