Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ലോക്ക് ഡൗണില്‍ ഭക്ഷണവും മരുന്നും വിതരണം ചെയ്തു ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയും കര്‍ഫ്യൂ ശക്തമാക്കുകയും ചെയ്തതോടെ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായ ഹസ്തം. ദമ്മാം, ജുബൈല്‍, അല്‍ ഹസ, ഖത്തീഫ്, ഖഫ്ജി, അല്‍ ഖോബാര്‍, തുഖ്ബ തുടങ്ങിയ പ്രദേശങ്ങളിലെ കമ്മിറ്റികളുടെ കീഴില്‍ തിരഞ്ഞെടുത്ത വോളണ്ടിയര്‍മാരാണു സഹായങ്ങള്‍ എത്തിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്കും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും ബന്ധപ്പെടുന്നതിന് ഹെല്പ് ലൈനും കൗണ്‍സിലിംഗ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ടെന്നു സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി, ജനറല്‍ സെക്രട്ടറി മുബാറക് ഫറോക് എന്നിവര്‍ അറിയിച്ചു.

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന വ്യാവസായിക കേന്ദ്രമായ ജുബൈലില്‍ കര്‍ഫ്യു പ്രഖ്യാപിച്ച ആദ്യഘത്തില്‍ തന്നെ ദിവസ വേതനക്കാരുള്ള ബാച്ചിലര്‍ റൂമുകളില്‍ കഴിയുന്ന ദുരിതമനുഭവിക്കുന്നവര്‍ക്ക് അരി, ആട്ട, ഓയില്‍, പഞ്ചസാര, തേയില, പരിപ്പ്, പയര്‍, ഉള്ളി, കടല തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. കൊറോണ വ്യാപനം കൂടുകയും കര്‍ഫ്യു ശക്തമാക്കുകയും ചെയ്തതോടെ രണ്ടാം ഘട്ട വിതരണത്തിനുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കുകയും നൂറുകണക്കിനു ഭക്ഷ്യ കിറ്റുകള്‍ അടിയന്തിരമായി വിതരണം നടത്തുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിച്ച് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപുലര്‍ത്തി ജുബൈല്‍ ബ്ലോക്കിന് കീഴിലുള്ള പോര്‍ട്ട്, അറൈഫി, ജബല്‍, ഫാനാതീര്‍, ഖാലിദിയ്യ, സിറ്റി ബ്രാഞ്ചുകള്‍ രംഗത്തുണ്ടാകുമെന്നു സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി, സെക്രട്ടറി സയീദ് ആലപ്പുഴ എന്നിവര്‍ പറഞ്ഞു.

ഖത്തീഫില്‍ ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടത്തിന്റെ നേതൃത്വത്തിലുള്ള വോളന്റിയര്‍ ടീമാണ് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുന്നത്. കാര്‍ഷിക മേഖലയായ അല്‍ ഹസയില്‍ കൃഷിത്തോട്ടങ്ങള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ പണിയെടുക്കുന്ന പ്രവാസികള്‍ക്ക് അല്‍ ഹസ ബ്ലോക്ക് പ്രസിഡന്റ് ഫൈസല്‍ കൊല്ലം, സെക്രട്ടറി സുജിന്‍ അബ്ദുല്‍ റഹ്മാന്‍, കമ്മിറ്റി അംഗം മുഹമ്മദ് മൗലവി എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണകിറ്റുകള്‍ എത്തിക്കുന്നുണ്ട്. അത്യാവശ്യഘട്ടത്തില്‍ 0545281997 നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ദമ്മാമില്‍ പ്രസിഡന്റ് മന്‍സൂര്‍ ആലംകോട്, സെക്രട്ടറി സുബൈര്‍ നാറാത്ത്, ഫൈസല്‍ ഫറോക്ക് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top