
താഇഫ്: താമസസ്ഥലത്ത് നിര്യാതനായ തൊടുപുഴ സ്വദേശി കുട്ടിമാക്കല്‍ ജിജോ ജോസഫിന്റെ (29) മൃതദേഹം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചെലവില്‍ നാട്ടിലെത്തിച്ചു. താഇഫ് കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരം മൂന്നിന് പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 11ന് അഞ്ചിരി സെന്റ് മാര്‍ട്ടിന്‍ ഡിപോറസ് പള്ളി സെമിത്തേരിയില്‍ നടക്കും.

നാല് മാസം മുന്‍പ് സഊദിയിലെത്തിയ തൊടുപുഴ അഞ്ചിരി സ്വദേശിയായ ജിജോ ജോസഫ് താഇഫ് അല്‍ഹദ മിലിറ്ററി ആസ്പത്രിയില്‍ നഴ്‌സായ ഭാര്യ മീനു ജോസഫിനൊപ്പമാണ് താമസിച്ചിരുന്നത്. ഏപ്രില്‍ 27ന് താമസസ്ഥലത്തായിരുന്നു അന്ത്യം. ത്വഇഫ് കിംഗ് അബ്ദുല്‍ അസീസ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാവിലെ ഭാര്യ മീനുവിന്റെയും കെ.എം.സി.സി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ജിദ്ദയിലേക്ക് കൊണ്ടുപോയി. അവിടെ എംബാമ്മിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നാട്ടിലേക്ക് അയച്ചത്.

ഭാര്യ മീനു ജോസഫ്, സുഹൃത്ത് അനു ജോസ് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. കൊച്ചി വിമാനത്താവളത്തില്‍ ജിജോയുടെ സഹോദരന്‍ ടിന്റു പൗലോസ്, കുടുംബാംഗങ്ങള്‍, ഒ.ഐ.സി.സി ഗ്ലോബല്‍ സൗദി ചാപ്റ്റര്‍ പ്രതിനിധി അഷ്‌റഫ്, ചാര്‍ലി ആന്റണി തുടങ്ങിയ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് വഹിച്ചതെന്ന് നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കിയ താഇഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സ്വാലിഹ് അറിയിച്ചു. ജിദ്ദ മഹ്ജര്‍ ഫോറന്‍സിക് സെന്ററിലെ നടപടികള്‍ക്ക് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ തങ്ങള്‍ സഹായവുമായി ഒപ്പമുണ്ടായിരുന്നു. കെ.എം.സി.സി ഭാരവാഹികളായ അഷ്‌റഫ് താനാളൂര്‍, ഹമീദ് പെരുവള്ളൂര്‍, നിയാസ് ബാബ്‌റിയ്യ, ഷബീര്‍ എന്നിവരും രംഗത്തുണ്ടായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






