
റിയാദ്: കേളി കുടുംബ വേദി ‘ജ്വാല 2025’ അവാര്‍ഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് സമ്മാനിച്ചു. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ അവാര്‍ഡ് ദാന പരിപാടിയില്‍ കുടുംബ വേദി സെക്രട്ടറി സീബ കൂവോട് അവാര്‍ഡ് കൈമാറി. മീരാ റഹ്മാന്റെ അഭാവത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റാഫ് ഹസീന മന്‍സൂര്‍ അവാര്‍ഡ് ഏറ്റു വാങ്ങി. ആലുവ സ്വദേശിയായ മീര റഹ്മാന്‍ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ പ്രിന്‍സിപ്പല്‍ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്.

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും കഴിഞ്ഞ ദിവസം റിയാദിലെ വാട്ടര്‍ടാങ്കില്‍ വീണു ജീവന്‍ പൊലിഞ്ഞ ഇന്ത്യന്‍ സ്‌കൂള്‍ കെജി വിദ്യാര്‍ത്ഥിനി തമിഴ്‌നാട് സ്വദേശി ആസിയയ്ക്കും അനുശോചനം രേഖപ്പെടുത്തിയാണ് ‘ജ്വാല 2025’ന്റെ കലാപരിപാടികള്‍ ആരംഭിച്ചത്.

അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് പ്രവാസ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച വനിതകള്‍ക്കായി കേളി കുടുംബവേദിയാണ് ‘ജ്വാല അവാര്‍ഡ്’ ഏര്‍പ്പെടുത്തിയത്. സാംസ്‌കാരിക സമ്മേളനത്തില്‍ കുടുംബ വേദി പ്രസിഡണ്ട് പ്രിയാ വിനോദ് അധ്യക്ഷത വഹിച്ചു. നവോദയ കുടുംബ വേദി കണ്‍വീനര്‍ ഡോ. രശ്മി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മൈലാഞ്ചി ഇടല്‍ മത്സരത്തില്‍ അല്‍ഫിയ ഒന്നാം സ്ഥാനവും ഷഹാന രണ്ടാം സ്ഥാനവും ഷംല മൂന്നാം സ്ഥാനവും നേടി. അറബിക് ഡിസൈന്‍ പ്രമേയമായി ഒരുമണിക്കൂറായിരുന്നു മത്സരം. അല്‍ യാസ്മിന്‍ സ്‌കൂളിലെ അധ്യാപിക ഫാത്തിമ ജിനീഷ്, ചിത്രകലാകാരി മായാ കിഷോര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. കുടുംബ വേദി ട്രഷറര്‍ ശ്രീഷ സുകേഷ്, ഷംഷാദ് അഷറഫ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

ചലച്ചിത്ര സീരിയല്‍ താരവും പ്രൊഡ്യൂസറുമായ ദിവ്യ ദര്‍ശന്‍ മുഖ്യാതിഥിയായിരുന്നു. കുടുംബവേദിയിലെ വനിതകളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, കിതാബ് ദി ബാന്‍ഡ് ഓഫ് ഹാര്‍മണി ടീമിന്റെ നേതൃത്വത്തില്‍ ഗാനമേള, റീന കൃഷ്ണകുമാര്‍, രശ്മി വിനോദ്, നീതു നിതിന്‍, ബിന്ദു സാബു എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍ എന്നിവ അരങ്ങേറി.

വേദിക്കരികിലായി റിയാദില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതസംരഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സ്റ്റാളുകളും ഒരുക്കിയിരുന്നു. പരിപാടികള്‍ക്കു പ്രിയ വിനോദ്, വിഎസ് സജീന, സീന സെബിന്‍, വിജില ബിജു എന്നിവര്‍ അവതാരകരായിരുന്നു. സിജിന്‍ കൂവള്ളൂര്‍, സുകേഷ് കുമാര്‍, ഗീത ജയരാജ്, ജയരാജ്, ഷഹീബ വി.കെ, ദീപ രാജന്‍, ജയകുമാര്‍, വിദ്യ ജി.പി, ലാലി എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും സംഘടക സമിതി കണ്‍വീനര്‍ വിജില ബിജു നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.